തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ബി.ജെ.പി പാളയത്തിലെത്തിയാല്‍ മമ്മൂട്ടിയെ കളത്തിലിറക്കാന്‍ സി.പി.എം !
സിനിമാ താരങ്ങളുടെ ‘പകിട്ട് ‘ കണ്ടല്ല, മറിച്ച് രാഷ്ട്രീയപരമായാണ് കേരള ജനത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതെന്നാണ് സി.പി.എം വിലയിരുത്തല്‍. എന്നാലും പുതിയ കാലത്ത് സംഘ പരിവാറിന്റെ ഏത് നീക്കങ്ങളെയും അതേ രൂപത്തില്‍ തന്നെ നേരിടാനാണ് പാര്‍ട്ടി തീരുമാനം.
സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കലാകാരന്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേദികള്‍ നല്‍കിയ പാര്‍ട്ടി എന്ന നിലയില്‍ മമ്മൂട്ടി ഉള്‍പ്പെടെ ‘സാധ്യമായ’തെല്ലാം തിരഞ്ഞെടുപ്പ് രംഗത്ത് അനിവാര്യമായാല്‍ പരിഗണിക്കുമെന്ന് നേതൃത്വം വെളിപ്പെടുത്തി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെയാണ് മമ്മൂട്ടി നിരവധി വര്‍ഷങ്ങളായി നടത്തുന്നതെന്നും സി.പി.എം കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.എസ്.എസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട വിശ്വശാന്തി ഫൗണ്ടേഷനിലൂടെ മോഹന്‍ലാല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ പ്രതികരണം.
മോഹന്‍ലാലിന് ഏത് പാര്‍ട്ടിയില്‍ ചേരാനും മത്സരിക്കാനും അവകാശമുണ്ടെന്നും അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ആരാധകരാണ് മറ്റ് അഭിപ്രായങ്ങള്‍ പറയേണ്ടതുമെന്ന നിലപാടിലാണ് സി.പി.എം. എന്നാല്‍ കേരളം തിരസ്‌ക്കരിക്കുന്ന കാവി രാഷ്ട്രീയത്തെ പുണര്‍ന്നാല്‍ ലാലിന് അത് വ്യക്തിപരമായ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും ചെമ്പട മുന്നറിയിപ്പു നല്‍കുന്നു.
അതേസമയം മമ്മൂട്ടിയുടെ ചുവപ്പ് പ്രേമം അംഗീകരിച്ച് തന്നെയാണ് അദ്ദേഹത്തോടൊപ്പം ആരാധകര്‍ നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ നിരീക്ഷകര്‍ മോഹന്‍ലാലിന്റെ കാവി പ്രേമത്തെ ആരാധകര്‍ എങ്ങനെ നോക്കി കാണുമെന്നത് നിര്‍ണ്ണായകമായിരിക്കുമെന്നും വ്യക്തമാക്കി.
ആര്‍.എസ്.എസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. പ്രധാനമന്ത്രിയുമായി അടുത്തയിടെ ലാല്‍ നടത്തിയ കൂടിക്കാഴ്ച ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വങ്ങളുടെ താല്‍പ്പര്യ പ്രകാരമായിരുന്നു.
കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള വ്യക്തി എന്ന നിലയില്‍ മോഹന്‍ലാലിനെ രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്താനാണ് സംഘ പരിവാര്‍ നീക്കം. ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല അതിനു ശേഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മോഹന്‍ലാലിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് ബി.ജെ.പി കരുതുന്നു.
യു.ഡി.എഫിനും കോണ്‍ഗ്രസ്സിനും തിരിച്ചടി നേരിടുകയും നേതൃപ്രശ്‌നം അലട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷമായി സ്വയം ഉയര്‍ന്നുവരാനാണ് ലാലിന്റെ നിഴല്‍ കാവിപ്പട തേടുന്നത്. മോഹന്‍ലാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ പോലും സംഘപരിവാര്‍ നേതൃത്വത്തിന് മടിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ലാല്‍ ഒപ്പം നിന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്നും ബി.ജെ.പിയെ അകറ്റി നിര്‍ത്തിയ വിഭാഗങ്ങള്‍ക്കിടയില്‍ പോലും സ്വീകാര്യത ഉണ്ടാക്കാന്‍ കഴിയുമെന്നുമാണ് കണക്കുകൂട്ടല്‍. കേന്ദ്രത്തില്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്താണ് സംഘപരിവാര്‍ മോഹന്‍ലാലിനെ സ്വാധീനിക്കുന്നത്. ലാലിന്റെ സുഹൃത്തുകുടിയായ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയും തമിഴ് നടന്‍ നെപ്പോളിയനും യു.പി.എ ഭരണകാലത്ത് കേന്ദ്ര മന്ത്രിമാരായതും അവര്‍ ചൂണ്ടിക്കാട്ടുന്നു.
തമിഴകത്ത് നിന്ന് രജനീകാന്ത്, ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍, നാനാപടേക്കര്‍, അനുപം ഖേര്‍, ക്രിക്കറ്റ് താരം ധോണി എന്നിവര്‍ നിലവില്‍ ബി.ജെ.പിക്കൊപ്പമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ പവന്‍കല്യാണിനെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി ശ്രമം ശക്തമാക്കിയിട്ടുണ്ടെങ്കിലും സി.പി.എമ്മിനൊപ്പം രാഷ്ട്രീയ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് താരത്തിന് താല്‍പ്പര്യം.
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.എമ്മിനൊപ്പം സംസ്ഥാനത്ത് കാല്‍നട ജാഥ നടത്താനും പവന്‍ കല്യാണ്‍ തയ്യാറായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.