മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റ തിരക്കഥ എഴുതിയത് ജിജോ പുന്നൂസാണ്. ചിത്രത്തിന്റെ തിരക്കഥയിൽ മോഹൻലാൽ മാറ്റം വരുത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജിജോ പുന്നൂസ്. ഒടിയനും പുലിമുരുകനും മരക്കാറും പോലെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ ടികെ രാജീവ് കുമാറുമായി ചേർന്ന് മോഹൻലാൽ തിരക്കഥ മാറ്റിയെന്നാണ് തന്റെ ബ്ലോഗിലൂടെ അദ്ദേഹം പറഞ്ഞത്.
കോവിഡ് കാലത്തിനുശേഷമാണ് ചിത്രത്തിൽ മാറ്റങ്ങളുണ്ടാകുന്നത്. ബറോസ് ഉപേക്ഷിക്കാൻ വരെ നീക്കങ്ങളുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ശ്രദ്ധ ഒടിടി ചിത്രങ്ങളിലായിരുന്നെന്നും നവോദയ സ്റ്റുഡിയോയിൽ ഒരുക്കിയ സെറ്റ് പലതും പൊളിക്കാൻ പറഞ്ഞെന്നും ബ്ലോഗിലുണ്ട്.
2019ലാണ് മോഹൻലാലുമൊന്നിച്ച് സിനിമ ചെയ്യാൻ ജിജോ പുന്നൂസ് ആലോചിക്കുന്നത്. ഒരു പെൺകുട്ടിയെ പ്രധാന കഥാപാത്രമാക്കിയാണ് ജിജോ പുന്നൂസ് കഥ ഒരുക്കുന്നത്. മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും നിർദേശങ്ങൾക്ക് അനുസരിച്ച് തിരക്കഥയിൽ പല മാറ്റങ്ങളും വരുത്തിയെങ്കിലും പെൺകുട്ടിയെ പ്രധാനകഥാപാത്രമാക്കുക എന്ന തീരുമാനത്തിൽ താൻ ഉറച്ചു നിന്നു എന്നുമാണ് ജിജോ പറയുന്നത്. മോഹൻലാലിന്റെ ബറോസ് എന്ന കഥാപാത്രത്തിന് രണ്ടാമതാണ് സ്ഥാനമുണ്ടായിരുന്നത്. മോഹൻലാൽ ഈ തീരുമാനം അംഗീകരിക്കുകയും ചിത്രത്തിന്റെ പ്രൊഡക്ഷൻ തയാറെടുപ്പ് ആരംഭിക്കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അണിയറ പ്രവർത്തനങ്ങളും പൂർത്തിയാക്കി ഷൂട്ടിങ് ആരംഭിച്ചതോടെയാണ് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്നത്.
എന്നാൽ ഇതിനു ശേഷം നിർമാതാവിന്റെ ശ്രദ്ധ ഒടിടി സിനിമകളിലേക്ക് തിരിഞ്ഞു. ചിത്രത്തിനായി ഒരുക്കിയ സെറ്റ് പൊളിച്ചുനീക്കുന്നതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നുമാണ് അദ്ദേഹം കുറിച്ചത്. എന്നാൽ മോഹൻലാൽ മുൻകൈ എടുത്ത് ബറോസ് വീണ്ടും തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കഥയിലും തിരക്കഥയിലും അഭിനേതാക്കളിലും മാറ്റം വരുത്തി. വിദേശത്ത് നിന്ന് കലാകാരന്മാരെ തിരികെ കൊണ്ടുവരാനോ ലൊക്കേഷൻ ചിത്രീകരണത്തിനായി ഗോവയുടെ സമീപ സ്ഥലങ്ങളിലേക്ക് പോകാനോ ഒന്നും സാധ്യതയില്ലായിരുന്നു. മോഹൻലാലിന്റെ അടുത്ത കോൾ ഷീറ്റുകൾ മറ്റ് പ്രോജക്റ്റുകൾക്ക് നൽകുന്നതിന് മുമ്പ് നാല് മാസത്തെ ഡേറ്റ് ഉപയോഗിക്കാൻ നിർമാതാവ് തീരുമാനിച്ചു.
കൊച്ചിയിലും പരിസരത്തും നടക്കുന്ന പ്രധാന ചിത്രീകരണങ്ങൾക്കായി രാജീവ്കുമാറിനൊപ്പം ചേർന്ന് മോഹൻലാൽ തിരക്കഥയിലെ രംഗങ്ങളും കഥാപാത്രങ്ങളും സ്ഥലങ്ങളുമെല്ലാം മാറ്റി എഴുതി. കൂടുതലും നവോദയ കാമ്പസിന്റെ അകത്തായിരുന്നു ചിത്രീകരണം. സിനിമയെ രക്ഷിക്കാനായുള്ള ബുദ്ധിപരമായ തീരുമാനമായാണ് തനിക്കിത് തോന്നിയത് എന്നാണ് അദ്ദേഹം കുറിച്ചത്.
ലാലുമോൻ, റീ-റൈറ്റിംഗ് പ്രക്രിയയിൽ, തന്റെ സമീപകാല ഹിറ്റായ ഒടിയൻ, പുലിമുരുകൻ, ലൂസിഫർ, മരക്കാർ എന്നിവ പോലെ തന്നെ തിരക്കഥയും ബറോസിന്റെ കഥാപാത്രവും തന്റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഒരുക്കി. മലയാളി കുടുംബ സിനിമ പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു തിരക്കഥ മാറ്റിയത്. 350 സിനിമകളുടെ ഭാഗമായ അറിവുകൊണ്ട് ലാലുമോന് അത് ചെയ്യാൻ കഴിയും തനിക്ക് വെറും 7 സിനിമകളിൽ നിന്നുള്ള അറിവല്ലേയുള്ളൂ എന്നും ജിജോ പുന്നൂസ് കുറിക്കുന്നു. ബറോസ് എന്ന കഥാപാത്രം നിധിയുടെ അറ തുറക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനായി മാത്രമാണ് മോഹൻലാൽ തന്റെ സഹായം തേടിയത്. പുതിക്കിയ സിനിമയിൽ തന്റെ പങ്കാളിത്തം അതുമാത്രമാണെന്നും ജിജോ പുന്നൂസ് വ്യക്തമാക്കുന്നു.