പാലക്കാട്: ലോക മീറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി.ടി ഉഷയും സംഘവും തട്ടി തെറിപ്പിച്ചതിന് സ്വര്‍ണ്ണ മെഡല്‍ കൊണ്ട് ചുട്ട മറുപടി നല്‍കിയ കൂലിപ്പണിക്കാരുടെ മകള്‍ക്ക് താരരാജാവിന്റെ ബിഗ് സല്യൂട്ട്.
‘ഒടിയന്‍’ സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാട് മുണ്ടൂരിലെത്തിയ മോഹന്‍ലാല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ പി.യു ചിത്രയെ ആദരിച്ച് ഉപഹാരം കൈമാറി.
തുര്‍ക് മേനിസ്ഥാനില്‍ നടന്ന മത്സരത്തില്‍ പി.യു ചിത്ര സ്വര്‍ണ്ണം നേടിയത് രാജ്യത്തിന് ഏറെ അഭിമാനമായിരുന്നു.
മധുരമായ ഒരു പ്രതികാരം കൂടിയായിരുന്നു പാവപ്പെട്ട ദമ്പതികളുടെ മകള്‍ക്ക് ഈ സ്വര്‍ണ്ണ വേട്ട.
ലണ്ടനില്‍ നടന്ന ലോക മീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്നും മന: പൂര്‍വ്വം പി.ടി.ഉഷയും ഷൈനി വില്‍സണും അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റി ചിത്രയെ വെട്ടിനിരത്തുകയായിരുന്നു.
ഇതിനായി അവര്‍ പറഞ്ഞ ന്യായീകരണങ്ങളെല്ലാം യുക്തിരഹിതമായിരുന്നു.
താന്‍ എങ്ങനെയാണ് കായിക രംഗത്ത് ഉയര്‍ന്ന്‌വന്നതെന്ന് മറന്ന് പി.ടി ഉഷ നടത്തിയ പ്രതികരണത്തിന് ഉഷയുടെ പേരിലുള്ള എറണാകുളത്തെ റോഡിന് പി.യു ചിത്ര എന്ന് നാമകരണം ചെയ്താണ് കേരളം പ്രതികരിച്ചത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചിത്രക്കു വേണ്ടി ശബ്ദിച്ചു.
ഓടുന്ന പാതയിലെല്ലാം സ്വര്‍ണ്ണം ‘വാരിയ’ചരിത്രമുള്ള ചിത്രക്കു വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഹൈക്കോടതിവരെയെത്തി കാര്യങ്ങള്‍.
അപ്പോഴേക്കും ചിത്രക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള നിശ്ചിത സമയവും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
കഴിവു തെളിയിച്ച ഒരു പാവം കായിക താരത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ ലഭിക്കാമായിരുന്ന വലിയ അംഗീകാരം കൂടിയാണ് സെലക്ഷന്‍ കമ്മിറ്റി അസൂയ മൂലം തുലച്ചത്.
‘പെരുന്തച്ചന് ‘ സമാനമായ നിലപാടാണ് വിഷയത്തില്‍ ഉഷ സ്വീകരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്ന വിമര്‍ശനം.
തന്നെ അവഗണിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി പി.യു. ചിത്ര നല്‍കിയത്.
പയ്യോളി എക്‌സ്പ്രസ്സിനു മീതെ പറക്കാന്‍ ചിത്ര’ശലഭ’ത്തിന് കഴിയുമെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍.
ഈ ചങ്കുറപ്പിനും ആത്മസമര്‍പ്പണത്തിനും കഴിവിനുമുള്ള അംഗീകാരമാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇപ്പോള്‍ ചിത്രക്ക് നല്‍കിയിരിക്കുന്നത്.
പി.യു. ചിത്രയുടെ മെഡല്‍വേട്ടയുടെ നാള്‍ വഴികള്‍
2017 ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണമെഡല്‍
2017 ഇന്ത്യയിലെ ഭുവനേശ്വറില്‍ വെച്ച് നടന്ന 22 ആമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണമെഡല്‍
2014ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇലും 3 കിലോമീറ്റര്‍ ക്രോസ് കണ്ട്രി ഈവന്റിലും സ്വര്‍ണമെഡല്‍
2013ആദ്യ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 3000 ഇല്‍ സ്വര്‍ണ മെഡല്‍
2013 ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇലും 3 കിലോമീറ്റര്‍ ക്രോസ് കണ്ട്രി ഇനത്തിലും സ്വര്‍ണമെഡല്‍
2013കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇവയില്‍ സ്വര്‍ണമെഡല്‍
2012കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇവയില്‍ സ്വര്‍ണമെഡല്‍
2011ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 1500, 3000, 5000 ഇവയില്‍ സ്വര്‍ണം. 3 കിലോമീറ്റര്‍ ക്രോസ് കണ്ട്രി ഇവന്റില്‍ വെങ്കലം