സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍. “2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിജയികളായ മുഴുവന്‍ പേര്‍ക്കും ഒരു വലിയ കൈയടി. മമ്മൂട്ടി, എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹാഭിനന്ദനങ്ങള്‍. മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസിനും അഭിനന്ദനങ്ങള്‍, മുന്നോട്ടും ഗംഭീരമായി തുടരുക”, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്ര അവാര്‍ഡില്‍ വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് ഒരുക്കിയ മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍. കുഞ്ചാക്കോ ബോബനും അലന്‍സിയറിനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൌതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.
മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ- “മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ”, മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജൂറി കുറിച്ചു.
മമ്മൂട്ടി കമ്പനി എന്ന പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. ജനുവരിയിലായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്.