കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കും അവരുടെ ഭര്‍ത്താക്കന്‍മാരായ സിനിമാ സംവിധായകര്‍ അടക്കമുള്ളവര്‍ക്കും വിലക്ക് വരുന്നു. ഡബ്ല്യൂ.സി.സിയുമായി സഹകരിക്കുന്ന ഒരു സിനിമാ പ്രവര്‍ത്തകനുമായും മേലില്‍ സഹകരിക്കേണ്ടതില്ലെന്നതാണ് താരസംഘടന ഉള്‍പ്പെടെ സിനിമാ മേഖലയിലെ പ്രമുഖ സംഘടനകളുടെ നിലപാട്.
തീരുമാനം പരസ്യമായി പറയാതെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. താരസംഘടനയ്ക്ക് പുറമെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനകളും ‘അമ്മ’ നിലപാടിനൊപ്പം നില്‍ക്കാനാണ് ധാരണയിലെത്തിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ ഇരക്കു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടും ഡബ്ല്യൂ.സി.സി അവര്‍ പറയുന്ന രൂപത്തില്‍ പ്രവര്‍ത്തിച്ചില്ല എന്ന കാരണത്താല്‍ സംഘടനക്കും അതിന്റെ അദ്ധ്യക്ഷനുമെതിരെ വ്യക്തി ഹത്യ നടത്തുന്ന പ്രചരണത്തിന് വഴിമരുന്നിട്ടതാണ് സിനിമാ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.
ദിലീപിനെ കോടതി കുറ്റക്കാരനായി വിധിക്കും വരെ കുറ്റക്കാരനായി കാണില്ലെന്ന് വിശ്വസിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്ന നിലപാടിനൊപ്പമാണ് സംഘടനകള്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നു മോഹന്‍ ലാലിനെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചതില്‍ ഡബ്യൂ.സി.സിയിലെ ചില അംഗങ്ങള്‍ നേരിട്ട് ഇടപെട്ടതായാണ് ‘അമ്മ’ കാണുന്നത്. അതു കൊണ്ട് തന്നെ ഈ സംഘടനയിലെ അംഗങ്ങളുമായി ഒരു കാരണവശാലും സഹകരിക്കേണ്ടതില്ലന്നാണ് തീരുമാനം.
കര്‍ണ്ണാടകയിലും തമിഴകത്തും മോഹന്‍ലാലിനെയും താര സംഘടനയെയും മോശമാക്കാനുള്ള ശ്രമങ്ങളില്‍ ഡബ്യൂ.സി.സി പങ്കാളിയായതായും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഗീതു മോഹന്‍ദാസ് ,റിമ കല്ലുങ്കല്‍ , രമ്യ നമ്പീശന്‍, ഭാവന എന്നിവരെ ഒരു കാരണവശാലും ഇനി ‘അമ്മ’യിലേക്ക് തിരിച്ചെടുക്കില്ല.
മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുപ്പിക്കാതെ ഇരിക്കാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ട സിനിമാ പ്രവര്‍ത്തകരും ഇനി പടിക്ക് പുറത്തു തന്നെ ആയിരിക്കും. അപ്രഖ്യാപിത വിലക്കായതിനാല്‍ സിനിമാ സംഘടനകള്‍ക്കെതിരെ പ്രചരണം നടത്താനോ നിയമ നടപടി സ്വീകരിക്കാനോ വിലക്കപ്പെട്ടവര്‍ക്ക് കഴിയില്ല. സിനിമാ വ്യവസായത്തില്‍ താരങ്ങള്‍ മാത്രമല്ല, ലൈറ്റ് ബോയ് മുതല്‍ സംവിധായകര്‍ വരെ ഉള്ളവര്‍ നില നില്‍പ്പിനായി പൊരുതുന്ന സാഹചര്യത്തില്‍ ആരെയും പിണക്കി മുന്നോട്ട് പോകുക എളുപ്പമല്ല. ഇനി സ്വന്തം ‘ശക്തി’ പ്രകടിപ്പിച്ച് ഒരു സിനിമ തട്ടി കൂട്ടിയാല്‍ തന്നെ അത് വിതരണം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഇവര്‍ക്ക് ബദല്‍ സംവിധാനവും ഇല്ല. അമ്മയിലെ താരങ്ങളും ഈ ‘കുലംകുത്തി’കളോട് സഹകരിക്കില്ല.
അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാനാണ് തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും തീരുമാനം. മോഹന്‍ലാലിനെ മോശക്കാരനാക്കാന്‍ ശ്രമിച്ചതില്‍ ഉടക്കിയ സര്‍ക്കാരിനും പഴയ താല്‍പ്പര്യം ഇപ്പോള്‍ ഡബ്ല്യൂ.സി.സി യോടും അവരെ പിന്തുണക്കുന്നവരോടും ഇല്ലാത്തതും പ്രതിഷേധക്കാര്‍ക്ക് തിരിച്ചടിയാണ്. ഫലത്തില്‍ സിനിമയില്ലാത്ത സിനിമാക്കാരായി ഈ വിഭാഗം മാറാനാണ് സാധ്യത.