കൊച്ചി: പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന്റെ പ്രചരണത്തിന് പോയ നടന്‍ മോഹന്‍ലാല്‍ ‘അമ്മ’ സെക്രട്ടറി സ്ഥാനം രാജി വയ്ക്കണമെന്ന് നടന്‍ സലിം കുമാര്‍.
താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ആരും പോകരുതെന്ന (രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമല്ലാത്തവര്‍) വിലക്ക് ലംഘിച്ചാണ് ലാല്‍ പ്രചരണത്തിനിറങ്ങിയതെന്ന് സലിംകുമാര്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും രാജി വയ്ക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
ലാല്‍ പ്രചരണത്തിനിറങ്ങിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ നടന്‍ ജഗദീഷ് മോഹന്‍ലാലിനെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് പ്രചരണത്തിനിറക്കിയതെന്ന വാര്‍ത്തയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് എതിരായ രേഖകള്‍ പുറത്ത് വിടുമെന്ന് പേടിച്ചാണ് ലാല്‍ പത്തനാപുരത്തെത്തിയതെന്നാണ് ഉയര്‍ന്നിരുന്ന ആരോപണം.
ലാലുമായി ഗണേഷിനെക്കാള്‍ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു താനെന്നും ജഗദീഷ് പറഞ്ഞു. സംഘടനാ തീരുമാനം മോഹന്‍ലാല്‍ തന്നെ ലംഘിച്ചത് ശരിയായില്ലെന്നും സലിംകുമാറിന്റെ അഭിപ്രായപ്രകടനം താരങ്ങളുടെ വികാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ കടുത്ത മത്സരം നടക്കുന്ന പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രചരണത്തിനിറങ്ങിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷിന്റെ സാധ്യതകളെ സ്വാധീനിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
നേരത്തെ ബിജെപി പ്രേമം ആരോപിച്ച് ഡിവൈഎഫ്‌ഐ നേതാവ് ചിന്ത ജെറോം ലാലിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരെ ലാല്‍ ബ്ലോഗിലൂടെ വിമര്‍ശിച്ചതാണ് ചിന്തയെ പ്രകോപിപ്പിച്ചിരുന്നത്.
അതേസമയം നടന്‍ ഗണേഷുമായുള്ള വ്യക്തിപരമായ അടുപ്പമാണ് ലാലിനെ പത്തനാപുരത്ത് എത്തിച്ചതെന്നാണ് താരവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
കാര്യങ്ങള്‍ എന്തായാലും ലാലിന്റെ നടപടി താരസംഘടനയില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെയാണ് വഴിമരുന്നിട്ടിട്ടുള്ളത്.