ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയിലെ പാര്‍വതി നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നൈന എന്ന ഈ കഥാപാത്രം ഒട്ടേറെ പ്രത്യേകതകളും സവിശേഷതകളും നിറഞ്ഞ ഒന്നാണ്. മലയാളത്തിലെ യുവതാരം ആന്റണി വര്‍ഗീസാണ് പാര്‍വതി നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച പാര്‍വതി നായര്‍ ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് നീരാളി.
ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി നീരാളി ജൂലൈ 13ന് തീയേറ്ററുകളിലേക്കെത്തും. നീരാളി അത്യന്തം സാഹസികത നിറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമാണെന്ന് തിരക്കഥാകൃത്ത് സാജു തോമസ് വ്യക്തമാക്കിയിരുന്നു. ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റര്‍. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.
വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് നായിക. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
വജ്ര വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു കഥാപാത്രത്തെയാണ് നീരാളിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു ട്രാവല്‍ ത്രില്ലര്‍ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ത്രില്ലര്‍ രീതിയില്‍ തികഞ്ഞ കുടുംബപശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്. ഹോളിവുഡ് സ്റ്റൈലാണ് ചിത്രത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്. നീരാളി ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലാണ് ഒരുങ്ങുന്നത്. ബോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ദരാണ് ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.