ഹർത്താൽ മോഹൻലാലിനു നൽകിയത് ‘ഇരട്ടിമധുരം’ സംഘി പ്രതിച്ഛായ പോയി !

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി സഹകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന താരമാണ് മോഹന്‍ലാല്‍. അദ്ദേഹം രക്ഷാധികാരിയായ വിശ്വശാന്തി ഫൗണ്ടേഷന്റെ തലപ്പത്തും ആര്‍.എസ്.എസ് സംസ്ഥാന നേതാക്കളുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മോഹന്‍ലാല്‍ അവതരിക്കുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.

പ്രമുഖ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തു വന്ന ഈ വാര്‍ത്തയോട് ലാല്‍ വന്നാല്‍ ‘സന്തോഷം’ എന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നത്. മോഹന്‍ലാലിന്റെ ഒരു വിഭാഗം ആരാധകരെ ഈ വാര്‍ത്തകള്‍ അസ്വസ്ഥമാക്കിയിട്ടും പരസ്യമായി വാര്‍ത്തയെ തള്ളിപ്പറയാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള ബന്ധമാണ് ഇതിനു കാരണമായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിച്ചിരുന്നത്.

കേരളത്തിലെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ആകട്ടെ മോഹന്‍ലാല്‍ ബിജെപി പാളയത്തിലെത്തിയെന്ന് ഉറപ്പായാല്‍ ശക്തമായി ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലും ആയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സി.പി.എം സൈബര്‍ പോരാളികള്‍ ലാലിനെ സംഘിയാക്കി ചിത്രീകരിച്ചാണ് പ്രചരണം അഴിച്ചുവിട്ടിരുന്നത്. ഒടിയനെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം വരെ ഡി.വൈ.എഫ്.ഐയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയും ചെയ്തു.

ഈ പ്രചരണത്തെ തള്ളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ പിന്നീട് പരസ്യ പ്രസ്താവന ഇറക്കിയെങ്കിലും ബഹിഷ്‌ക്കരണ പ്രചരണം ഏറ്റവും അധികം വൈറലായത് സി.പി.എം – ഡി.വൈ.എഫ്.ഐ ഗ്രൂപ്പുകളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

അത്രക്കും രോഷം സി.പി.എം അണികളില്‍ നല്ലൊരു വിഭാഗത്തിന് മോഹന്‍ലാലിനോട് ഉണ്ടാകാന്‍ സംഘപരിവാര്‍ ബന്ധം വഴവെച്ചിരുന്നു.

അടുത്ത കാലത്ത് ഇറങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണമായി സിനിമാ നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നതും മോഹന്‍ലാലിന്റെ കാവിയോടുള്ള അടുപ്പമാണ്.

 odiyan

ഈ പ്രതിച്ഛായ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ബി.ജെ.പിയുടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തോടെ സാധിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

തന്റെ ഡ്രീം പ്രോജക്ടായ ഒടിയന്‍ സിനിമയുടെ റിലീസിങ്ങ് മാറ്റി വയ്ക്കേണ്ടതില്ലെന്ന തീരുമാനം വഴി ഹര്‍ത്താലിനെ തള്ളാനുള്ള സന്ദേശമാണ് ജനങ്ങള്‍ക്ക് മോഹന്‍ലാല്‍ നല്‍കിയത്.

പതിനായിരങ്ങള്‍ സിനിമ കാണാന്‍ തെരുവിലിറങ്ങിയതോടെ സത്യത്തില്‍ ഹര്‍ത്താല്‍ തന്നെ അപ്രസക്തമാകുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഉണ്ടായത്.

കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണ് പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയുടെ ഹര്‍ത്താല്‍ ദിവസം സിനിമ റിലീസ് ചെയ്യുക എന്നത്.

മോഹന്‍ലാലിനോട് ബി.ജെ.പിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെങ്കില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ഒടിയന്‍ റിലീസ് ദിവസം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലായിരുന്നു എന്ന പ്രചരണം ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. ഈ വാദത്തില്‍ കഴമ്പുണ്ടെന്ന അഭിപ്രായം കടുത്ത സഖാക്കളില്‍ പോലും ഇതിനകം രൂപപ്പെട്ടിട്ടുമുണ്ട്. ലാലിനെ സംബന്ധിച്ച് വ്യക്തിപരമായി വലിയ നേട്ടമാണത്.

കാവി രാഷ്ട്രീയത്തിന് എതിരായി ശക്തമായ വേരോട്ടമുള്ള സംസ്ഥാനത്ത് താര രാജാവ് എന്ന പദവിയില്‍ നിലനില്‍ക്കാന്‍ എല്ലാ വിഭാഗത്തിന്റെയും പിന്തുണ മോഹന്‍ലാലിനെ സംബന്ധിച്ച് അനിവാര്യമാണ്. പ്രത്യേകിച്ച് നവ മാധ്യമങ്ങളുടെ പുതിയ കാലഘട്ടത്തില്‍. അതിന് സഹായകരമായ സാഹചര്യം പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഒടിയന്റെ റിലീസോടെ ഒരു പരിധി വരെ കഴിഞ്ഞു എന്നതില്‍ മോഹന്‍ ലാലിന് ആഹ്ലാദിക്കാം.

വാഹനങ്ങള്‍ തടയുന്നവരെയും സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ വരുന്നവരെയും അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ചീഫ് നല്‍കിയ ഉത്തരവില്‍ സര്‍ക്കാര്‍ നിലപാടും വ്യക്തമാണ്.

ഒടിയനെ മുന്‍ നിര്‍ത്തി ബി.ജെ.പി ഹര്‍ത്താല്‍ പൊളിക്കുക എന്നത് തന്നെയാണ് ആ ലക്ഷ്യം. അറിഞ്ഞോ അറിയാതെയോ വടി കൊടുത്ത് അടി വാങ്ങിയിരിക്കുകയാണിപ്പോള്‍ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം.

Top