തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയത്രി കെപിഎസി ലളിതയുടെ വേര്‍പാടില്‍ മലയാള സിനിമാ മേഖല ഒന്നാകെ വിതുമ്പുകയാണ്. ഒട്ടെറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ച സ്വന്തം അമ്മയായും, സഹോദരിയായും, സ്‌നേഹം നിറഞ്ഞ ബന്ധുവായും ചേര്‍ത്തുനിര്‍ത്തിയിരുന്ന നടിയുടെ വിയോഗത്തില്‍ നടന്‍ മോഹന്‍ലാല്‍ അനുശോചനം അറിയിച്ചിരുന്നു. താരം ഫേസ്ബുക്കിലും ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകള്‍.
കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തില്‍, അമ്മയായും, സഹോദരിയായും, സ്‌നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‌നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.