ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിനെതിരായ കേസ് സംബന്ധമായ പരാതിയെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) അന്വേഷിക്കുന്നു. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പരാതിയിലാണ് അന്വേഷണം.
മോഹന്‍ലാലിന് പത്മഭൂഷണ്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ചോദ്യം ചെയ്ത് നല്‍കിയ പരാതിയില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള കേസില്‍ ലാല്‍ പ്രതിയാണെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ആരോപിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടെന്ന് രേഖാമൂലം ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാലാണ് ഐ.ബി ഇതേകുറിച്ച് അന്വേഷിക്കുന്നത്. ആദായ നികുതി വകുപ്പില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രത്യേക റിപ്പോര്‍ട്ടുകള്‍ തേടും.
പത്മ പുരസ്‌കാരം രാജ്യത്തിന്റെ ആദരവെന്ന നിലയില്‍ സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് നല്‍കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി ശുപാര്‍ശ ചെയ്ത 30 അംഗ പട്ടികയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്തിരുന്നു.
ബാഹ്യ ഇടപെടലും രാഷ്ട്രീയ ഇടപെടലും ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന ആരോപണം കൂടി കേന്ദ്രം പരിശോധിക്കുമെന്ന് ഉറപ്പായതോടെ ശക്തമായ ‘സ്‌ക്രീനിംഗ്’ കേരളത്തിന്റെ ശുപാര്‍ശ പട്ടികയില്‍ ഉറപ്പായിട്ടുണ്ട്.
മോഹന്‍ലാല്‍ അടക്കമുള്ള പലരുടെയും സാധ്യതകള്‍ക്കാണ് ഇത് മൂലം തിരിച്ചടിയുണ്ടാവുക. അതേസമയം, ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ ഉടന്‍ നല്‍കുമെന്നും പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.