മമ്മൂട്ടി വീട്ടിൽ ലോക്ക്ഡ് മോഹൻലാൽ പുറത്തിറങ്ങും !

കൊച്ചി: ലോക്ക്ഡൗണില്‍ മമ്മൂട്ടിയും രജനിയും, കമല്‍ ഹാസനും അമിതാബച്ചനുമെല്ലാം വീട്ടിലിരിക്കും, മോഹന്‍ലാല്‍ പുറത്തും ഇറങ്ങും!

സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ നിര്‍ദ്ദേശമാണ് സൂപ്പര്‍താരങ്ങള്‍ക്കും വിനയായിരിക്കുന്നത്.

65 വയസ്സിന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുതെന്നാണ് പുതിയ കോവിഡ് പ്രോട്ടോക്കോളില്‍ പറയുന്നത്.

മമ്മൂട്ടിക്ക് നിലവില്‍ 69 വയസ്സായി രജനീകാന്തിന് 70 ഉം കമലിന് 66 വയസ്സുമാണ് പ്രായം. അമിതാബച്ചന് വയസ്സ് 78 ആണ്. ഇവരില്‍ ‘ചെറുപ്പമായ’ മോഹന്‍ലാലിന് 59 വയസ്സാണ് ഉള്ളത്. അതു കൊണ്ട് തന്നെ കോവിഡ് പ്രായ നിയന്ത്രണം അദ്ദേഹത്തിന് പുറത്തിറങ്ങുന്നതിന് ബാധകമാകില്ല.

ലാലിനെപ്പോലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും, സല്‍മാന്‍ഖാനും ,അമീര്‍ ഖാനും അക്ഷയ കുമാറിനുമെല്ലാം പുറത്തിറങ്ങാന്‍ കഴിയും.

കോവിഡ് നിയന്ത്രണം മമ്മൂട്ടിക്കും അമിതാഭ് ബച്ചനും പരീക്ഷണ കാലമായാണ് മാറിയിരിക്കുന്നത്. പ്രായമായ മറ്റ് താരങ്ങളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. അതേസമയം, യുവ താരങ്ങള്‍ സിനിമാ വ്യവസായം തകരുന്നതില്‍ കടുത്ത ആശങ്കയിലാണ്. വൈറസ് വ്യാപനം പൂര്‍ണ്ണമായും തടയാതെ സിനിമ തിയറ്ററുകള്‍ ഒരിക്കലും തുറക്കാന്‍ കഴിയുകയില്ല. മറ്റ് ഏത് മേഖല തുറന്ന് കൊടുത്താലും തിയ്യറ്ററുകളില്‍ റെഡ് സിഗ്‌നല്‍ തുടരും. സിനിമാ വ്യവസായത്തിന്റെ അടിവേരാണ് ഇതോടെ തകര്‍ക്കപ്പെടുന്നത്. ഒ.ടി.ടി ഫ്‌ലാറ്റ് ഫോമിലേക്ക് സിനിമാപ്രദര്‍ശനം മാറാനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

തമിഴ് താരം ജോതികയുടെയും മലയാളത്തില്‍ ജയസൂര്യയുടെയും സിനിമകള്‍ ഇത്തരത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. തിയറ്ററുടമകളും വിതരണക്കാരും വിലക്കുമായി രംഗത്തുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്. പുതിയ സിനിമകള്‍ മിനിമം ബജറ്റില്‍ ഒ.ടി.ടി ഫ്‌ലാറ്റ് ഫോമിലേക്കായി തയ്യാറാക്കാനാണ് ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്, ആമസോണ്‍, നെറ്റ് ഫ്‌ളിക്‌സ്, സി 5 എന്നിവയിലൂടെ സിനിമ പ്രദര്‍ശിപ്പിക്കാനാണ് നീക്കം.

പ്രിയവാര്യരും സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും അഭിനയിച്ച ഹിന്ദി സിനിമ ‘ശ്രീദേവി ബംഗ്ലാവും’ ഇത്തരത്തില്‍ റിലീസ് ചെയ്യാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 20 കോടി ചിലവിട്ട് നിര്‍മ്മിച്ച ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ മലയാളികളാണ്. പ്രശാന്താണ് സംവിധായകന്‍.

ഇതേ രൂപത്തില്‍ നിരവധി സിനിമകള്‍ ഒ.ടി.ടി ഫ്‌ലാറ്റ്‌ഫോമിലാക്കാനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നിലവില്‍, സിനിമക്ക് മുടക്കിയ കാശ് കിട്ടിയാല്‍ തന്നെ ഇത്തരത്തില്‍ റിലീസ് ചെയ്യാന്‍ ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ തയ്യാറാണ്.

ലോക്ക് ഡൗണ്‍ അനന്തമായി നീണ്ടാല്‍ ഇവരില്‍ പലരും വലിയ പ്രതിസന്ധിയിലേക്കാണ് പോകുക. പിന്നീട് തിയറ്ററുകള്‍ തുറന്നാല്‍ തന്നെ സാമൂഹിക അകലവും പാലിക്കേണ്ടവരും. ഇത് തിയറ്റര്‍ വരുമാനത്തെയും ബാധിക്കും.മലയാള സിനിമക്ക് പോലും വലിയ വരുമാനം ഓവര്‍സീസ് ഇനത്തിലാണ് ലഭിക്കുന്നത്.

ഗള്‍ഫില്‍ പോലും അടുത്ത കാലത്തൊന്നും ഇനി സിനിമാ തിയറ്ററുകള്‍ തുറക്കുകയില്ല, ഇതും ഇരുട്ടടിയാണ്. ലോക മാര്‍ക്കറ്റ് തുറക്കാതെ ഇന്ത്യയിലെ ഭൂരിപക്ഷ സിനിമകളും റിലീസ് ചെയ്യാന്‍ കഴിയുകയില്ല. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ലോക്ക് ഡൗണില്‍ ‘ലോക്കായി’ കിടക്കുന്നത്. മിക്കവരും പലിശക്ക് പണമെടുത്താണ് സിനിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പലിശ പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഈ നിര്‍മ്മാതാക്കളെല്ലാമുള്ളത്.

മലയാള സിനിമാവ്യവസായത്തില്‍ ഈസ്റ്റര്‍ വിഷു സീസണില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമുണ്ടായ നഷ്ടം മുന്നൂറ് കോടിരൂപയാണ്. റിലീസ് മാറ്റിവച്ചതിന് പുറമെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതും മുടങ്ങിയതുമായ ചിത്രങ്ങളുടെയടക്കം വ്യവസായനഷ്ടം അറൂന്നൂറ് കോടി പിന്നിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ റിലീസിങ് മുടങ്ങിയത് ഒമ്പത് ചിത്രങ്ങളാണ്. പോസ്റ്റ് പ്രോഡക്ഷന്‍ ഘട്ടത്തില്‍ നിലച്ചത് ഇരുപത്തിയാറെണ്ണമാണ്. ഷൂട്ടിങ് പാതിവഴിയില്‍ മുടങ്ങിയത് ഇരുപത് ചിത്രങ്ങള്‍ക്കാണ്.


ലോക്ഡൗണ്‍ പിന്‍വലിച്ച് കുറഞ്ഞത് രണ്ടുമാസത്തിനപ്പുറം സിനിമാമേഖല സജീവമായാല്‍പോലും ഈ ചിത്രങ്ങളുടെ നഷ്ടക്കണക്കില്‍നിന്ന് കരകയറുക എളുപ്പമായിരിക്കില്ല. നൂറുകോടി ചെലവുള്ള മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഉള്‍പ്പടെയുള്ള ഒമ്പത് ഈസ്റ്റര്‍ വിഷും ചിത്രങ്ങള്‍ റീലിസ് ചെയ്യാനാകാതെയുണ്ടായ നഷ്ടം മാത്രം മുന്നൂറ് കോടിരൂപയാണ്. മരക്കാറും ഫഹദ് ഫാസിലിന്റെ മാലിക്കും മമ്മൂട്ടിയുടെ വണ്ണും ദുല്‍ഖറിന്റെ കുറുപ്പും ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ രാജ്യാന്തര മാര്‍ക്കറ്റ്കൂടി ലക്ഷ്യമിട്ട് നിര്‍മ്മിച്ചവയാണ്. കോവിഡ് ഈ സ്വപ്‌നങ്ങളെല്ലാമാണ് തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നത്.

Top