അന്തരിച്ച നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ നിര്യാണത്തില്‍ മോഹന്‍ലാല്‍. മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പം പങ്കുചേരുന്നു, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. വിജയകാന്തിന്റെ സാന്നിധ്യത്തില്‍ അടുത്തിടെ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഭാര്യയും പാര്‍ട്ടി ട്രഷററുമായ പ്രേമലത ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധി പേരാണ് വിജയകാന്തിന് അദരാഞ്ജലികളര്‍പ്പിച്ചത്. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നിരുന്നു എന്നും തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.