മോഹന്‍ലാല്‍ ആലപിച്ച ‘വാലിബനി’ലെ ‘റാക്ക് പാട്ട്’ എത്തി, വരാൻ പോകുന്നത് ലിജോ വിസ്‍മയം

ലയാള സിനിമയില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന പല ചിത്രങ്ങളുമുണ്ട്. എന്നാല്‍ അവയില്‍ ഒന്നാം സ്ഥാനത്ത് ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന മലൈക്കോട്ടൈ വാലിബനാണ് ആ ചിത്രം. ഇവര്‍ രണ്ടും ആദ്യമായി ഒരുമിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ യുഎസ്‍പി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും അത്രയധികം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുക്കാറ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ പി എസ് റഫീക്ക് ആണ്. ഗാനത്തിന്റെ ഇനിഷ്യല്‍ കോമ്പോസിഷനും റഫീക്ക് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മ്യൂസിക് ഡയറക്ഷനും പ്രോഗ്രാമിംഗും പ്രശാന്ത് പിള്ള. മോഹന്‍ലാല്‍ ആണ് ആലപിച്ചിരിക്കുന്നത് എന്നതും ഈ ഗാനത്തിന്റെ പ്രത്യേകതയാണ്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ആകുന്നത്. അടുത്ത വര്‍ഷം ജനുവരി 25 ന് തിയറ്ററുകളില്‍.

Top