മോഹന്‍ലാലും സത്യന്‍ അന്തിക്കാടും തമ്മിലുള്ള സൗഹൃദം സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ പ്രശസ്തമാണ്. ഈ സൗഹൃദത്തിന്റെ പുറത്ത് മോഹന്‍ലാലില്‍ നിന്നുണ്ടായ ഒരു രസകരമായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
‘ഒരിക്കല്‍ തിരക്കില്ലാത്ത ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ മോഹന്‍ലാല്‍ തന്നെ കാണാന്‍ വന്ന അനുഭവമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. നാടോടിക്കാറ്റ് തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു സംഭവം. നടന്‍ വീട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ ആളുകള്‍ തിരിച്ചറിയുമല്ലോ എന്നാണ് സംവിധായകന്‍ ആലോചിച്ചത്. വീട്ടിലേക്ക് വരുന്നത് ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചപ്പോള്‍ മുഖം മറച്ചാണ് വഴി ചോദിച്ചത് എന്നായിരുന്നു ലാല്‍ പറഞ്ഞത്. ലാല്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു. ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതു കൊണ്ടാണ്. എതിര് പറയരുത്. ആളുടെ പേര് കേട്ടപ്പോള്‍ എന്റെ പാതി ജീവന്‍ പോയി. അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവായിരുന്നു.
എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളില്‍ കാണാം പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാല്‍ എത്തിയിരിക്കുന്നത്. ഞാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ചിട്ടും, പല കാരണങ്ങള്‍ പറഞ്ഞിട്ടും ലാല്‍ വിടുന്നില്ല. അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നായി ലാല്‍.
ഒടുവില്‍ സൗമ്യത വെടിയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണം കൊണ്ട് മോഹന്‍ലാല്‍ പിണങ്ങിയാലും വിരോധമില്ല. പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്‌നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്. അയ്യോ.. ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ എന്നായി ലാല്‍. ഇതോടെ ലാലിന്റെ കുസൃതി തനിക്ക് പിടികിട്ടിയെന്നും സത്യന്‍അന്തിക്കാട് പറയുന്നു. കാറില്‍ പ്രതി പോയിട്ട് ഒരു സാക്ഷി പോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസിലാവുന്നത്. അഭിനയം മോഹന്‍ലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ എന്നും സത്യന്‍ അന്തിക്കാട് പറയുന്നു’.