ഒരു വമ്പൻ പ്രോജക്ട് വരുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ‘ഋഷഭ’ എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണെന്നും മോഹൻലാൽ പറഞ്ഞു. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസിനൊപ്പം മറ്റ് ചിലരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ചിത്രം സൈൻ ചെയ്തുവെന്നും അതിന് വേണ്ടിയാണ് ദുബൈയിൽ വന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. ആശീർവാദിന്റെ ഒരു കമ്പനി ദുബൈയിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചു.