വി എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരിക്കല്‍ കൂടി ഭാഗമാവാന്‍ മോഹന്‍ലാല്‍

ടിയനിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറിയ ആളാണ് വി എ ശ്രീകുമാര്‍. ഒരുപാട് ഹൈപ്പുകളോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം കൈവരിക്കാനായില്ല്. ഇപ്പോഴിതാ വി എ ശ്രീകുമാര്‍ സംവിധാനത്തിന് ഒരിക്കല്‍ കൂടി ഭാഗമാവുകയാണ് മോഹന്‍ലാല്‍. ക്യാമറയ്ക്ക് മുന്നിലേക്ക് മോഹന്‍ലാല്‍ വീണ്ടും എത്തുകയാണ്. സിനിമയിലല്ല, മറിച്ച് അതൊരു പരസ്യചിത്രം ആയിരിക്കും.

മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്‌കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിനുവേണ്ടിയാണ് മോഹന്‍ലാലും വി എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത്. ഒടിയന്റെ പ്രധാന ലൊക്കേഷനായിരുന്ന പാലക്കാടാണ് ഈ പരസ്യചിത്രവും ഷൂട്ട് ചെയ്യുന്നത്. സിനിമയില്‍ എത്തുന്നതിന് മുന്‍പേ പരസ്യമേഖലയില്‍ സജീവമാണ് വി എ ശ്രീകുമാര്‍. പുഷ് എന്ന പേരിലുള്ള ശ്രീകുമാറിന്റെ അഡ്വര്‍ട്ടൈസിംഗ് കമ്പനിയുടെ പരസ്യങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ സൂപ്പര്‍താരങ്ങളും ഭാഗമായിട്ടുണ്ട്.

അതേസമയം എം ടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കിയുള്ള രണ്ടാമൂഴം സിനിമ നേരത്തെ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഇതില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. എന്നാല്‍ പ്രോജക്റ്റ് നീണ്ടുപോയതിനെത്തുടര്‍ന്ന് എംടിയും ശ്രീകുമാറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും അത് കോടതി വരെ എത്തുകയും ചെയ്തിരുന്നു. നിലവില്‍ ആ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ടി ഡി രാമകൃഷ്ണന്റെ രചനയില്‍ മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ഒരു ബോളിവുഡ് ചിത്രവും വി എ ശ്രീകുമാറിന്റേതായി വരാനുണ്ട്. ഇതിലും മോഹന്‍ലാല്‍ ആണ് നായകന്‍. മിഷന്‍ കൊങ്കണ്‍ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Top