തിരുവനന്തപുരം: മോഹന്‍ലാല്‍ തലസ്ഥാനത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാല്‍ നേരിടാന്‍ സി.പി.എം തന്നെ രംഗത്തിറങ്ങും.
സ്ഥിരമായി സി.പി.ഐ മത്സരിക്കുന്ന തിരുവനന്തപുരം ലോക് സഭ മണ്ഡലം ആവശ്യമെങ്കില്‍ സി.പി.എം ഏറ്റെടുക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.
മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം സെവാഗ് തുടങ്ങിയവരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചെന്ന് വീണ്ടും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സി.പി.എമ്മും ഇപ്പോള്‍ ഉഷാറാകുന്നത്.
ലാല്‍ മത്സരിച്ചാല്‍ നേരിടാന്‍ യുവ നേതാക്കളില്‍ ആരെയെങ്കിലും രംഗത്തിറക്കാനാണ് ആലോചന.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനില്ലന്നും ലാല്‍ തീരുമാനം പ്രഖ്യാപിക്കട്ടെ അപ്പോള്‍ നിലപാട് പറയാമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.
മോഹന്‍ലാല്‍ സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹത്തിന്റെ വിശ്വ ശാന്തി ഫൗണ്ടേഷനില്‍ ആര്‍.എസ്.എസ് ഉന്നത നേതാക്കള്‍ അംഗങ്ങളായതിലും ശക്തമായ വിയോജിപ്പും സി.പി.എമ്മിനുണ്ട്.
രാഷ്ട്രീയ നിലപാട് ലാല്‍ പ്രഖ്യാപിക്കുന്നതോടെ ആഞ്ഞടിച്ച് രംഗത്തു വരാനാണ് സി.പി.എം – ഡി.വൈ.എഫ്.ഐ തീരുമാനം.
ഒരു അഭിനയ പ്രതിഭ എന്ന നിലയില്‍ ലാലിന് കേരളം നല്‍കുന്ന അംഗീകാരം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ കിട്ടില്ലന്നാണ് സി.പി.എം അവകാശപ്പെടുന്നത്. ഇന്നുവരെ ലാല്‍ നേടിയെടുത്ത സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നതായിരിക്കും അത്തരമൊരു തീരുമാനമെന്നും ചെമ്പട മുന്നറിയിപ്പു നല്‍കുന്നു.
അതേ സമയം ബി.ജെ.പി – ആര്‍.എസ്.എസ് ക്യാംപ് വലിയ ആഹ്ലാദത്തിലാണ്.സംസ്ഥാനത്ത് സംഘപരിവാറിന് ശക്തമായ അടിത്തറയുള്ള തലസ്ഥാനത്ത് ലാല്‍ സ്ഥാനാര്‍ത്ഥിയായാല്‍ വന്‍ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നാണ് കാവിപ്പടയുടെ പ്രതീക്ഷ.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടാനും ലാലിന്റെ സാന്നിധ്യം സഹായകരമാകുമെന്നും സംഘപരിവാര്‍ കണക്കു കൂട്ടുന്നു.
ആര്‍.എസ്.എസ് നേരിട്ടാണ് തിരുവനന്തപുരം ഉള്‍പ്പെടെ നിര്‍ണ്ണായകമായ മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചരണം നിയന്ത്രിക്കുക.മോഹന്‍ലാല്‍ മത്സരിക്കുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റി മറിക്കാം എന്നാണ് ആര്‍.എസ്.എസ് നേതൃത്വം കരുതുന്നതത്രെ.
സിറ്റിങ് എം.പിയായ ശശി തരൂര്‍ തന്നെയാകും തലസ്ഥാനത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാകുക എന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍