കൊച്ചി: അഭിനയം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നെന്ന തന്റെ നിലപാടിലുറച്ച് നടൻ മോഹൻലാൽ.
ഏഷ്യാനെറ്റിന്റെ അവാർഡ് നിശയിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയ ലാൽ അടുത്ത സുഹൃത്തുക്കൾക്ക് മുന്നിലാണ് മനസ്സ് തുറന്നത്.
ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ സൂപ്പർ ഹിറ്റായ പശ്ചാതലത്തിലായിരുന്നു പ്രതികരണം.
പഴയ ലാലേട്ടനെ മലയാളികൾക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചുവെന്ന പ്രേക്ഷകരുടെ അഭിപ്രായവും ലാലിനെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.
വിശ്രമ ജീവതം നയിക്കണമെന്ന താൽപര്യം നേരത്തെ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും സുഹൃത്തുക്കൾ തുടക്കം മുതൽ ആ നീക്കത്തെ നിരുൽസാഹപ്പെടുത്തി വരികയായിരുന്നു.
പുലിമുരുകന്റെ ചരിത്ര വിജയത്തിന്റെ പശ്ചാതലത്തിൽ മനോരമ ന്യൂസ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അഭിനയം നിർത്തുന്നത് സംബന്ധമായ സൂചന മോഹൻലാൽ നൽകിയിരുന്നു.ഇതിന് സ്ഥിരീകരണമായ അഭിപ്രായപ്രകടനമാണ് ഇന്ന് കൊച്ചിയിൽ സുഹൃത്തുക്കളോടും ലാൽ പ്രകടിപ്പിച്ചിരിക്കുന്നത്.
മുന്തിരിവള്ളികളുടെ വിജയം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും ലാൽ പറഞ്ഞു. ഇപ്പോൾ കമിറ്റായ സിനിമകളുടെ ചിത്രീകരണം പൂർത്തിയായാൽ വിടവാങ്ങാനാണ് ലാലിന്റെ താൽപര്യമത്രെ.
ജിത്തു ജോസഫിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്ന മകൻ പ്രണവിനായി പാതയൊരുക്കാൻ കൂടി ലക്ഷ്യമിട്ടാണ് ലാലിന്റെ തീരുമാനമെന്നാണ് സൂചന.
ഭാര്യ സുചിത്രയും മക്കളുമെല്ലാം ലാൽ എന്ത് തീരുമാനമെടുത്താലും അതിനൊപ്പമാണെന്ന് നയം വ്യക്തമാക്കിയും കഴിഞ്ഞു.
എന്നാൽ ലക്ഷകണക്കിന് വരുന്ന ലാലിന്റെ ആരാധകരും സുഹൃത്തുക്കളുമെല്ലാം ലാൽ അഭിനയം നിർത്തുന്നതിനോട് എതിരാണ്. അവരുടെ വൈകാരികമായ സ്നേഹ പ്രകടനത്തിന് മുന്നിൽ ലാൽ കീഴടങ്ങിയില്ലങ്കിൽ അധികം താമസിയാതെ തന്നെ മലയാളികൾ കേൾക്കാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ആ പ്രഖ്യാപനം ലാലിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും