Mohanlal with IG Manoj Abraham in road safety movie

കൊച്ചി: റോഡ് സുരക്ഷാ ബോധവത്ക്കരണ വീഡിയോകള്‍ ഭീതി ജനിപ്പിക്കേണ്ട ഒന്നല്ല എന്നു ബോധ്യപ്പെടുത്തുകയാണ് കേരളാ പോലീസ്. അപകടങ്ങളും മരണങ്ങളും ചിത്രീകരിച്ച് ബോധവത്ക്കരണം സാധ്യമാക്കാന്‍ ശ്രമിക്കുന്ന പതിവു ട്രാഫിക് വീഡിയോകളില്‍ നിന്നും വ്യത്യസ്തമാവുകയാണ്, ‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി കേരളാ പോലീസിനായി തയാറാക്കപ്പെട്ടിരിക്കുന്ന പത്തു ഹ്രസ്വചിത്രങ്ങള്‍.

‘ശുഭയാത്ര’ പദ്ധതിയോടു കൈകോര്‍ക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുന്നിട്ടിറങ്ങിയതോടെ തയാറായ വീഡിയോകള്‍, ഉടന്‍ ജനമധ്യത്തിലേയ്‌ക്കെത്തും.

ഹെല്‍മെറ്റ് ഉപയോഗം, സീറ്റ്‌ബെല്‍റ്റ് ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ലെയിന്‍ ട്രാഫിക്, സീബ്രാ ക്രോസിംഗ്, അമിതവേഗം, ട്രാഫിക് നിയമപാലനം തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ഓരോ ഹ്രസ്വചിത്രത്തിലും തികച്ചും പോസിറ്റീവ് ആയുള്ള മാര്‍ഗത്തിലൂടെയാണ് ബോധവത്ക്കരണം സാധ്യമാക്കിയിരിക്കുന്നത്.

എട്ടു മാസം മുതല്‍ 24 വയസുവരെയുള്ള കുട്ടിയിലൂടെ അച്ഛനും മകനുമായുള്ള ബന്ധം ചിത്രീകരിച്ച് ഹെല്‍മെറ്റ് ബോധവത്ക്കരണം സാധ്യമാക്കുന്ന വീഡിയോയും പട്ടം പറത്തലിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യം ചിത്രീകരിക്കുന്ന വീഡിയോയുമെല്ലാം ഏറെ ശ്രദ്ധേയമാണ്.

ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍ ഓരോ ഹ്രസ്വചിത്രത്തെയും തികച്ചും ആസ്വാദ്യകരമാക്കുന്നു. താരാട്ടുതൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ വാഹനത്തില്‍ കൊണ്ടുപോകുന്നതില്‍ നല്‍കുന്ന സുരക്ഷിതത്വത്തിലൂടെയാണ് സീറ്റ്‌ബെല്‍റ്റിനെക്കുറിച്ചുള്ള ബോധവത്ക്കരണ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലെയിന്‍ ട്രാഫിക് വീഡിയോയിലെ ഉറുമ്പിന്റെ ആനിമേഷന്‍ രംഗങ്ങളും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തും.

കേരളാ പോലീസിന്റെ റോഡ് സുരക്ഷാ ബോധവത്ക്കരണ പദ്ധതിയായ ‘ശുഭയാത്ര’ യുടെ ‘ഗുഡ്‌വില്‍ അംബാസഡറാ’യ പത്മശ്രീ മോഹന്‍ലാല്‍, പത്തു ഫിലിമുകളിലും അഭിനയിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ട്രാഫിക് നിയന്ത്രണം ലക്ഷ്യമാക്കി, ‘നേരുന്നു ശുഭയാത്രകള്‍…’ എന്ന പേരില്‍ മോഹന്‍ലാല്‍ അടുത്തിടെ പുറത്തിറക്കിയ ബ്ലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചലച്ചിത്രതാരങ്ങളും മറ്റു ചാനല്‍ താരങ്ങളും അഭിനയിച്ചിരിക്കുന്ന ഓരോ ഹ്രസ്വചിത്രത്തിനുമൊടുവില്‍ മോഹന്‍ലാല്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഒന്നര മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യം വരുന്ന ചിത്രങ്ങള്‍ക്ക് ഓരോന്നിനും ശബ്ദം നല്‍കിയിരിക്കുന്നതും മോഹന്‍ലാല്‍ തന്നെ.

‘നമുക്കു സൃഷ്ടിക്കാം പുതിയൊരു റോഡ് സംസ്‌കാരം’ എന്ന ആഹ്വാനത്തിലൂടെ ‘ശുഭയാത്രയ്ക്കായി നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ മോഹന്‍ലാല്‍’ എന്നു പറഞ്ഞുകൊണ്ട്, മോഹന്‍ലാല്‍ തന്റെ സാമൂഹിക ദൗത്യം അതിമനോഹരമായി നിര്‍വഹിക്കുന്നുണ്ട്.

കേരളാ പോലീസിന്റെ ഗതാഗത ബോധവത്ക്കരണ പദ്ധതിയായ ‘ശുഭയാത്ര’യുടെ പേരില്‍, ട്രാഫിക്കിന്റെ ചുമതല കൂടിയുള്ള തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ഐ.പി.എസിന്റെ മേല്‍നോട്ടത്തിലാണ് പത്തു ഫിലിമുകളുടെയും ചിത്രീകരണം പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പിന്തുണയോടെ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ ആശയവും സംവിധാനവും, മുപ്പതില്‍പ്പരം ഗ്രന്ഥങ്ങളിലൂടെ ശ്രദ്ധേയനായ ടോണി ചിറ്റേട്ടുകളം നിര്‍വഹിച്ചിരിക്കുന്നു.

പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. നൂറുദ്ദീന്‍ ബാവയുടേതാണ് കാമറ.

ജിംസണ്‍ ഗോപാല്‍ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), സുനില്‍ ലാവണ്യ (പ്രൊഡക്ഷന്‍ ഡിസൈന്‍ ആന്‍ഡ് ക്രിയേറ്റീവ് സപ്പോര്‍ട്ട്), നിഷാന്ത് സാട്ടു (അസോസിയേറ്റ് ഡയറക്ടര്‍), അനില്‍ ആന്റണി (കാമറ അസോസിയേറ്റ്), ദിലീപ് ഡെന്നീസ്, ബിപിന്‍ പോള്‍ സാമുവല്‍ (എഡിറ്റര്‍), അഖില്‍ പ്രസാദ് (കളറിസ്റ്റ്), ഗിരീഷ് കൊടുങ്ങല്ലൂര്‍ (നിര്‍മാണ നിര്‍വഹണം), കിരണ്‍ലാല്‍ (ഡിസൈന്‍സ്), സുനീഷ് കെ സുകുമാരന്‍ (ഗ്രാഫിക്‌സ്), കിരണ്‍ (കല), സജീവന്‍ (എഫക്ട്‌സ്) തുടങ്ങിയവരാണ് മറ്റ് പ്രധാന അണിയറ പ്രവര്‍ത്തകര്‍. ചലച്ചിത്ര-ചാനല്‍ താരങ്ങളായ ശാന്തകുമാരി, ഗായത്രി സുരേഷ് (ജംനാപ്യാരി ഫെയിം), ഗായത്രി പിള്ള, ഉണ്ണി ശിവപാല്‍, കിഷോര്‍, കൃഷ്ണന്‍ പോറ്റി, ബിന്ദു, സുധി കോപ്പ, അന്‍വര്‍ (സലാല മൊബൈല്‍സ് ഫെയിം), ജിയാദ്, കിഷോര്‍, ബിജോയ് കുറുപ്പംപടി, ബിന്‍സല്‍ ഖാന്‍, ആദര്‍ശ് ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളും അഭിനയിച്ചിരിക്കുന്ന ഹ്രസ്വചിത്രങ്ങളിലെ ദൃശ്യചാരുതയാര്‍ന്ന കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്, റെഡ് എപ്പിക് കാമറ ഉപയോഗിച്ചാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായും ചിത്രീകരിക്കപ്പെട്ട വീഡിയോകള്‍, ഫെബ്രുവരി 15-ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെടും. സംസ്ഥാന ആഭ്യന്തര-വിജിലന്‍സ് വകുപ്പുമന്ത്രി രമേശ് ചെന്നിത്തല, വീഡിയോകളുടെ പ്രകാശനകര്‍മം നിര്‍വഹിക്കും. സോഷ്യല്‍ മീഡിയ-തിയേറ്റര്‍-ചാനല്‍ മാധ്യമങ്ങളിലൂടെ ബോധവത്ക്കരണ വീഡിയോകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനാണ് ശ്രമിക്കുന്നതെന്ന് ഐ.ജി മനോജ് എബ്രഹാം ഐ.പി.എസ് വ്യക്തമാക്കി.

Top