നടി ആക്രമിക്കപ്പെട്ട സംഭവം യാഥാർത്ഥ്യം അന്നും ഇന്നും അറിയില്ല, മോഹൻലാൽ

കൊച്ചി: നടന്‍ ദിലീപിനെ പിന്തുണച്ച് മോഹന്‍ലാല്‍, രാജി വച്ച് പുറത്തു പോയവരെ തിരിച്ചെടുക്കണമെന്നത് ജനറല്‍ ബോഡി തീരുമാനിക്കുമെന്ന് ലാല്‍. ചര്‍ച്ച ചെയ്യാതെ തിരിച്ചെടുക്കാന്‍ പറ്റില്ലന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണോ എന്ന് ഇപ്പോഴും അറിയില്ല. അവസരം കളഞ്ഞു എന്ന് പറഞ്ഞ് നടി കത്ത് നല്‍കിയിട്ടില്ലന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഇപ്പോള്‍ പുറത്ത് ബഹളം വയ്ക്കുന്നവര്‍ക്ക് കമ്മറ്റിയില്‍ കാര്യം പറയാമായിരുന്നുവെന്നും ലാല്‍ പരിഹസിച്ചു.

ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് അവയ്‌ലബിള്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നാണ്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. ആര്‍ക്കുവേണമെങ്കിലും അഭിപ്രായം പറയാം. പക്ഷേ ആരും അതിനെതിരെ പറഞ്ഞില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ജനറല്‍ ബോഡിക്കുശേഷം മാധ്യമങ്ങളെ കാണേണ്ടതായിരുന്നു. യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്തത് തെറ്റാണ്. നടപടി തെറ്റായിപ്പോയെന്നു പറയുന്നവര്‍ക്ക് യോഗത്തില്‍ വന്ന് ഇക്കാര്യം ഉന്നയിക്കാമായിരുന്നു. ഒരാളെങ്കിലും ഇക്കാര്യം ഉന്നയിച്ചെങ്കില്‍ തിരുത്തുമായിരുന്നു. ദിലീപ് ഇപ്പോഴും അമ്മയ്ക്കു പുറത്താണ്. അന്ന് എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ല. അതിനാല്‍ ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ ആരും എതിരു പറഞ്ഞിട്ടില്ല. ദിലീപ് സംഘടനയിലേക്കു വരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ കാര്‍മേഘമെല്ലാം മാറി ദിലീപ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാല്‍ അദ്ദേഹത്തിനു തിരിച്ചുവരാം. ആ പെണ്‍കുട്ടിയും കുറ്റാരോപിതനും ഞങ്ങളുടെ സംഘടനയുടെ ഭാഗമാണ്. സത്യാവസ്ഥ തെളിയണമെന്നും ലാല്‍ വ്യക്തമാക്കുന്നു.

നാലു പേരില്‍ രണ്ടുപേര്‍ മാത്രമേ രാജി വച്ചുള്ളൂ, ഭാവനയും രമ്യ നമ്പീശനും മാത്രമാണ് സംഘടനയ്ക്കു രാജിക്കത്ത് നല്‍കിയത്. ബാക്കി രണ്ടുപേരുടെ കത്ത് ഇന്ന് 11.30 വരെ ലഭിച്ചിട്ടില്ല. രാജി വച്ചവര്‍ തിരിച്ചുവന്നാല്‍ അതു അമ്മ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. അവരെന്തുകൊണ്ട് രാജി വച്ചെന്നു വിശദീകരിക്കേണ്ടവരും. ഞങ്ങളുടേത് 487 പേരുടെ സംഘടനയാണല്ലോ.

പുരുഷമേധാവിത്വം എന്നു പറയരുത്. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ട് ഞങ്ങള്‍ക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യംമെന്നും ലാല്‍ പറയുന്നു.

നിഷ സാരംഗിന്റെ വിഷയത്തില്‍ അമ്മ അവര്‍ക്കൊപ്പം തന്നെയാണ്. വിഷയം അറിഞ്ഞപ്പോള്‍ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നതായും ലാല്‍ വ്യക്തമാക്കി.

ഏത് പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ അമ്മ തയാറാണ്. അമ്മയുടെ ഭരണഘടന ഭേദഗതി അടക്കം നിരവധി കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന നടിമാരുടെ പരാതികള്‍ പരിഗണിക്കും. ഒരു നടനോ നടിയോ ഒരു വര്‍ഷം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണമെന്നാണ് തന്‍റെ അഭിപ്രായം. ഇതിനുള്ള നടപടി സംഘടന സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിലുളള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം.

Top