കൊലപാതകങ്ങളിൽ മോഹൻലാലിനും ഇരട്ട നിലപാട്, എല്ലാം ബ്ലോഗ് കാണില്ല !

ല്ലാ ആക്രമണങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്, അപലപിക്കപ്പെടേണ്ടതാണ്. എന്നാല്‍ കൊലപാതകങ്ങളെ വേര്‍തിരിച്ച് പ്രതികരിക്കുന്നത് ആരായാലും അത് എതിര്‍ക്കപ്പെടേണ്ടതുമാണ് .കാസര്‍ഗോഡ് പെരിയ ഇരട്ട കൊലക്കേസിനെ ഭീകരതയോട് ഉപമിച്ച് ബ്ലോഗില്‍ പ്രതികരിച്ച മോഹന്‍ലാലിന്റെ നടപടിയെ അംഗീകരിക്കുന്നു. താങ്കളെ പോലുള്ള ജനപ്രിയ താരങ്ങള്‍ സ്വീകരിക്കേണ്ട നിലപാട് തന്നെയാണിത്. അക്കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല.

പക്ഷേ ഈ പ്രതികരണം എല്ലാ കൊലപാതകങ്ങള്‍ക്കെതിരെയും വേണം, എല്ലാ അനീതികളെയും ചോദ്യം ചെയ്യണം. ദൗര്‍ഭാഗ്യവശാല്‍ മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ ചിലത് മാത്രമേ കാണൂ. മറ്റ് ചിലത് കാണില്ല.കേരളത്തിന്റെ നൊമ്പരമായി മാറിയ നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തായി കേരളത്തില്‍ നടന്നിട്ടുണ്ട്. അവിടെയൊന്നും ബ്ലോഗില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ മോഹന്‍ലാലിനെ കണ്ടിട്ടില്ല.സ്വന്തം സഹപ്രവര്‍ത്തകക്ക് ക്രൂരമായ പീഡനം നേരിട്ടപ്പോഴും ബ്ലോഗിലെ ഈ മൂര്‍ച്ച കേരളം ദര്‍ശിച്ചിട്ടില്ല. കേരളത്തിന്റെ തെരുവോരങ്ങളില്‍ നിരവധി കമ്യൂണിസ്റ്റുകള്‍ അടക്കമുള്ളവര്‍ അരും കൊല ചെയ്യപ്പെട്ടപ്പോഴും മോഹന്‍ലാലിന്റെ ബ്ലോഗ് നിശബ്ദമായിരുന്നു.

ഇപ്പോള്‍ പുല്‍വാമയിലെ ഭീകര ആക്രമണത്തോട് ആണ് കാസര്‍ഗോട്ടെ കൊലപാതകത്തെ മോഹന്‍ ലാല്‍ ചിത്രീകരിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഭീകരമായ കൊലപാതകം തന്നെയാണ് കാസര്‍ഗോഡ് നടന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം തന്നെയാണത്. അക്കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. പക്ഷേ പ്രതികരണങ്ങളില്‍ സുതാര്യത പുലര്‍ത്താന്‍ മോഹന്‍ലാല്‍ ശ്രദ്ധിക്കണം. മക്കള്‍ നഷ്ടപ്പെട്ട എല്ലാ മാതാപിതാക്കളുടെയും വേദന ഒന്നു തന്നെയാണ് അതിന് കോണ്‍ഗ്രസ്സ് എന്നോ,കമ്യൂണിസ്റ്റെന്നോ, ബി.ജെ.പിയെന്നോ വ്യത്യാസമില്ല.

ജാതി മത രാഷ്ട്രീയ ഭേദമന്യേയാണ് ഇവിടെ സൂപ്പര്‍ താരങ്ങളെ ജനങ്ങള്‍ ആരാധിക്കുന്നത്. അത് സാങ്കല്‍പ്പിക ലോകത്തെ അവരുടെ അഭിനയം മുന്‍നിര്‍ത്തിയാണ്. അവര്‍ പറയുന്ന മാസ് ഡയലോഗുകളും ആക്ഷനുകളുമാണ് താരാരാധനക്ക് അടിസ്ഥാനം. തിരശ്ശീലക്ക് പിന്നില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍, സിനിമാമേഖലയിലെ അനീതിക്കെതിരെയും ലാലിന്റെ പ്രതികരണം കേരളം ആഗ്രഹിക്കുന്നുണ്ട്. തന്റെ മുന്‍ നായികമാര്‍ തള്ളി പറഞ്ഞ് രംഗത്ത് വരാനുണ്ടായ സാഹചര്യം എന്താണെന്ന് കൂടി മോഹന്‍ലാല്‍ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.

അതിര്‍ത്തിയിലെ ഭീകര ആക്രമണത്തോട് കാസര്‍ഗോട്ടെ രാഷ്ട്രീയ കൊലപാതകം താരതമ്യം ചെയ്തത് എന്തായാലും കടന്ന പ്രതികരണമായിപ്പോയി. എല്ലാ ജീവനുകള്‍ക്കും തുല്യ വിലയാണ് നല്‍കേണ്ടത് അക്കാര്യം സമ്മതിച്ചു. പക്ഷേ രണ്ടു സാഹചര്യങ്ങളും രണ്ടായി തന്നെ വിലയിരുത്തുകയാണ് വേണ്ടത്.മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാവലാളായി ഉറങ്ങാതെ ഇരിക്കുന്ന സൈനികരാണ് കാശ്മീരിലെ പുല്‍വാമ ഭീകര ആക്രമണത്തില്‍ ചിന്നഭിന്നമായത്. മറ്റൊന്നിനെയും ഈ പൈശാചികതയോട് താരതമ്യം ചെയ്യാന്‍ കഴിയില്ല.

കാസര്‍ഗോട്ട് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവം രാഷ്ട്രിയ പകയില്‍ നിന്നും ഉണ്ടായതാണ്. തന്നെ മര്‍ദ്ദിച്ചതിലുള്ള പ്രതികാരം ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തിയതിന്റെ പരിണിത ഫലമാണത്. തീര്‍ച്ചയായും ശക്തമായി അപലപിക്കപ്പെടേണ്ട സംഭവം തന്നെയാണത്. കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട് കൊലക്ക് നേതൃത്വം കൊടുത്ത വ്യക്തിയെ സി.പി.എം തന്നെ പുറത്താക്കിയിട്ടുണ്ട്. മറ്റു നിയമപരമായ നടപടികള്‍ നടക്കട്ടെ. ഇനി സി.ബി.ഐ അന്വേഷണം കൊണ്ടേ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളുടെ കണ്ണീര്‍ നിലക്കുകയൊള്ളൂവെങ്കില്‍ അതും ആകാം. പക്ഷേ അത് രാഷ്ട്രീയ എതിരാളികളെ കുരുക്കാനുള്ള ആയുധമായി കേന്ദ്ര ഭരണകൂടം ഉപയോഗപ്പെടുത്തരുത്. ഇക്കാര്യവും ഉറപ്പുവരുത്തണം.

നാട്ടില്‍ ഒരു ആക്രമ സംഭവം നടന്നാല്‍ അതിനെതിരെ സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങളിലും മറ്റും പ്രകോപനപരമായ പ്രസംഗം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നടത്താറുണ്ട്. അത് അണികളെ പിടിച്ചു നിര്‍ത്താന്‍ വേണ്ടിയാണ് മിക്കവാറും നടത്താറുള്ളത്. അതിനപ്പുറം കൃത്യത്തില്‍ ഇടപെടലുണ്ടായിരുന്നുവോ എന്നത് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. ഇരട്ടക്കൊലപാതകത്തില്‍ മാധ്യമങ്ങളും യാഥാര്‍ത്ഥ്യബോധത്തോടെ വേണം കാര്യങ്ങള്‍ വിലയിരുത്തേണ്ടത്. മണ്ണില്‍ പിടഞ്ഞ് വീഴുന്ന എല്ലാ ജീവനുകളും വിലപ്പെട്ടത് തന്നെയാണ്.അത് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരനായാലും രാഷ്ട്രീയം ഇല്ലാത്തവനായാലും മനുഷ്യ ജീവന്‍ കത്തിമുനയില്‍ തീരാനുള്ളതല്ല. കൊലപാതത്തെ ആക്ഷന്‍ സിനിമകളോട് താരതമ്യം ചെയത് കഥകള്‍ പടച്ച് വിട്ട് എരിതീയില്‍ എണ്ണ ഒഴിക്കരുത്.

Express View

Top