ആരാധകര്‍ ആകാംക്ഷയോടെ, മാരക്കാറിന്റെ ട്രെയിലര്‍ ഉടന്‍; 26ന് പ്രദര്‍ശനത്തിനെത്തും

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 26ന് തിയ്യേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ടീസറുകള്‍ക്ക് പിന്നാലെ സിനിമയുടെ ട്രെയിലറും വരികയാണ്.

മാര്‍ച്ച് ആറ് വൈകുന്നേരം അഞ്ച് മണിക്കാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ട്രെയിലര്‍ പുറത്തിറങ്ങുക. മലയാളം ട്രെയിലര്‍ മോഹന്‍ലാലിന്റെ പേജിലൂടെയും ഹിന്ദി ട്രെയിലര്‍ അക്ഷയ്കുമാറിന്റെ പേജിലൂടെയും പുറത്തിറങ്ങും. കേരളത്തിലെ 90 ശതമാനം തിയ്യേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മോഹന്‍ലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top