കൊച്ചി: വരാനിരിക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ചിത്രീകരണത്തിന് ഇടവേള നല്‍കി അവധി ആഘോഷിക്കുകയാണ് ലാലേട്ടന്‍. എന്നിരുന്നാലും ആരാധകര്‍ക്ക് വേണ്ടി ബ്ലോഗ് എഴുതാന്‍ അദ്ദേഹം മറന്നില്ല.
ഹിമാലയ പര്‍വതങ്ങള്‍ക്ക് നടുവില്‍ ഭൂട്ടാനില്‍ നിന്നാണ് ലാല്‍ ഈ ബ്ലോഗ് എഴുതുന്നത്.
നാട്ടില്‍ ഇപ്പോള്‍ ഓണമാസം പിറന്നു കഴിഞ്ഞിരിക്കണം. . ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ബ്ലോഗ് എഴുതി തുടങ്ങുന്നത്.
മനുഷ്യന് അന്യമായി പോകുന്ന ഓണത്തിനെകുറിച്ചാണ് അദ്ദേഹം പറയുന്നത്. ഓണം ഒരു മിത്ത് മാത്രമായി മാറികൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും പറയുന്നു. ലോകത്ത് സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോള്‍ ഉണ്ടോയെന്നും താരം ചോദിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങള്‍ക്കൊന്നുമില്ലാത്ത വലിയ പ്രത്യേകത പര്‍വതങ്ങള്‍ക്കിടയില്‍ ഇന്ത്യയും ചൈനയുമായും അതിര്‍ത്തി പങ്കിട്ട് കിടക്കുന്ന ഭൂട്ടാന്‍ സന്തോഷത്തിനും ആനന്ദത്തിനും വലിയ പങ്ക് നല്‍കുന്നു.
ഭൂട്ടാന്‍ എങ്ങനെയാണ് അവരുടെ സന്തോഷം നിലനിര്‍ത്തുന്നതെന്ന് മനസിലാക്കാനാണ് അദ്ദേഹം ഇവിടെ എത്തിയതെന്നും, സന്തോഷം തേടി മനുഷ്യന്‍ ലോകം മുഴുവന്‍ അലയുന്നതു പോലെ പല നാടുകള്‍ക്ക് മുകളിലൂടെ പറന്നാണ് ഈ ദേശത്തിന്റെ തലസ്ഥാനമായ തിമ്പുവിലും പുരാതന നഗരമായ പാരോയിലും എത്തിയതെന്നു അദ്ദേഹം പറയുന്നു.
ഈ അനുഭവങ്ങളൊക്കെ തിരിച്ചെത്തിയതിന് ശേഷം എഴുതാമെന്ന് പറഞ്ഞ് ഭൂട്ടാനീസ് ഭാഷയില്‍ ആരാധകര്‍ക്ക് ‘താഷി ദേ ലേ’ (നന്മകള്‍) നേര്‍ന്നാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.
പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് മോഹന്‍ലാല്‍ ഭൂട്ടാനില്‍ എത്തിയത്.
മഞ്ജു വാര്യരാണ് ഒടിയനിലെ നായിക, പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഈ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
ഈ മാസം അവസാനത്തോടെ വാരണാസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിക്കുന്നത്.