അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മാസ്‌കോടു കൂടി പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം. ആശംസകള്‍.