mohanlals-new-blog-money demonetization

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളെ പിന്തുണച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ രംഗത്ത്. തന്റെ ബ്ലോഗിലൂടെയാണ് പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹന്‍ലാല്‍ രംഗതെത്തിയിട്ടുള്ളത്.

മേജര്‍ രവിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നോട്ട് നിരോധിച്ചുവെന്ന വാര്‍ത്തകള്‍ താന്‍ അറിയുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കണ്ടിരുന്നു. പ്രധാനമന്ത്രി അന്ന് നടത്തിയത് ആത്മാര്‍ത്ഥമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നുവെന്നാണ് തന്റെ അഭിപ്രായം.

താന്‍ ഒരു വ്യക്തി ആരാധകനല്ല, ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കുന്നത്.

പലതരത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ഈ തീരുമാനം എന്നാണ് പല ഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനം, ഇത്തരമൊരു വലിയ തീരുമാനം എടുക്കുമ്പോള്‍ അതിനെ പിന്തുടര്‍ന്ന് വലിയ വിഷമങ്ങള്‍ ഉണ്ടാകുമെന്നറിയാതെയാവില്ല ഇത് ചെയ്തത്.

വരി നില്‍ക്കുന്നതിന്റെ വിഷമത മനസിലാക്കുന്നു. മദ്യഷാപ്പിനു മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായമെന്ന് മോഹന്‍ലാല്‍ കുറിച്ചു

തന്റെ അഭിപ്രായത്തെ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായമായി കാണരുതെന്നും മറിച്ച് മുന്‍വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണിതെന്നും മോഹന്‍ലാല്‍ പറയുന്നു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന തത്വമാണ് തന്നെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിക്കാന്‍ സഹായിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നു.

Top