ബി.ജെ.പി ഹർത്താൽ പൊളിച്ച് ‘ഒടിയൻ’ തിയറ്ററുകൾ പൂരപ്പറമ്പാക്കി ആരാധകർ

കൊച്ചി: മോഹന്‍ലാലിന്റെ ‘ഒടിയന്‍’ മറ്റൊരു ചരിത്രം കൂടി ഇപ്പോള്‍ രചിച്ചിരിക്കുകയാണ്. ഹര്‍ത്താലിനെ മറികടന്ന് കേരളത്തില്‍ റിലീസ് ചെയ്ത ആദ്യ സിനിമയായാണ് ഒടിയന്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.

തലസ്ഥാനത്ത് ബി.ജെ.പി സമരവേദിക്കു മുന്നില്‍ അയ്യപ്പഭക്തന്‍ വേണുഗോപാലന്‍ നായര്‍ തീ കൊളുത്തി ആത്മഹത്യ ചെയതതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിരുന്നത്.

ശബരിമല വിഷയത്തില്‍ മനം നൊന്താണ് അയ്യപ്പഭക്തന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ ജീവിതം മടുത്തതിനാലാണ് ആത്മഹത്യയെന്ന് ഡോക്ടര്‍ക്കും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയില്‍ വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരം പൊലീസ് തന്നെ ഇപ്പോള്‍ പുറത്തുവിട്ടിട്ടുമുണ്ട്.

ഈ മൊഴി പുറത്ത് വന്നിട്ടും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിരുന്നില്ല. ഇതോടെയാണ് ഒടിയന്‍ ടീമും മോഹന്‍ലാലും വെട്ടിലായത്.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ചിലവിട്ട് ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ തുടങ്ങും മുന്‍പ് ‘ഒടിഞ്ഞു’ പോകുമോ എന്ന ആശങ്കയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍.

ബി.ജെ.പി ഹര്‍ത്താല്‍ ഒരു കാരണവശാലും മാറ്റിവയ്ക്കില്ലന്ന് വ്യക്തമായതോടെ മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ശ്രീകുമാരമേനോനും രാത്രി തന്നെ ചര്‍ച്ച നടത്തി റിലീസ് മാറ്റി വയ്‌ക്കേണ്ടതില്ലന്ന് തീരുമാനിക്കുകയായിരുന്നു.

രാജ്യത്തിന് അകത്തും പുറത്തും ഒരേ സമയം പ്രഖ്യാപിച്ച റിലീസ് തിയ്യതി കേരളത്തില്‍ മാത്രമായി മാറ്റി വച്ചാല്‍ അത് സിനിമയുടെ വിജയത്തിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.

തുടര്‍ന്ന് തിയറ്റര്‍ ഉടമകള്‍ക്കും ഇതു സംബന്ധമായ തീരുമാനം രാത്രി തന്നെ ആശിര്‍വാദ് സിനിമാസ് കൈമാറി. തിയറ്റര്‍ ഉടമകളുടെ സംഘടനകളും ഒടിയന്‍ ഹര്‍ത്താല്‍ ദിനത്തില്‍ റിലീസ് ചെയ്യാന്‍ അംഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി.

സുരക്ഷ ഒരുക്കാന്‍ പൊലീസില്ലങ്കില്‍ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തുണ്ടാകുമെന്ന് സംഘടനാ നേതാക്കളും തിയറ്ററുകാരെ ബന്ധപ്പെട്ട് പിന്നീട് അറിയിച്ചു.ഇതോടെയാണ് മടിച്ചു നിന്ന തിയറ്റര്‍ ഉടമകളും റിസ്‌ക്ക് എടുക്കാന്‍ തയ്യാറായത്.

ഒടിയന്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറായ തിയറ്ററുകള്‍ക്ക് മുന്നിലെല്ലാം വന്‍ ആള്‍ക്കൂട്ടമാണിപ്പോള്‍. പുലര്‍ച്ചെ 4.30 ന് ആണ് ആദ്യ ഷോ തുടങ്ങിയത്. പടക്കം പൊട്ടിച്ചും കൂറ്റന്‍ കട്ടൗട്ടുകള്‍ക്കു മുന്നില്‍ നൃത്തം ചവിട്ടിയും ആരാധകര്‍ ഒടിയന്റെ ആഗമനം ആഘോഷിച്ചു.

സംസ്ഥാനത്ത് എന്തിനും പോന്ന ശക്തമായ കേഡറുകള്‍ ഉള്ള ബി.ജെ.പിയുടെ ഹര്‍ത്താലിനെ തന്നെ വെല്ലുവിളിക്കാന്‍ പറ്റിയതിന്റെ ത്രില്ലിലാണ് ആരാധകപട. ഹര്‍ത്താല്‍ ദിനമായിട്ടും അര്‍ദ്ധരാത്രിയില്‍ തന്നെ തിയറ്ററുകളിലേക്ക് ലാല്‍ ആരാധകര്‍ ഒഴുകിയതും വേറിട്ട കാഴ്ചയായി.

പുലര്‍ച്ചെ 4.30 ന് ആദ്യ ഷോ തുടങ്ങുന്നതിനു മുന്‍പ് തന്നെ തിയറ്റര്‍ പരിസരങ്ങള്‍ ആരാധകര്‍ കയ്യടക്കിയിരുന്നു. സിനിമ തടസ്സപ്പെടുത്താന്‍ ആരെങ്കിലും വന്നാല്‍ കൈകാര്യം ചെയ്യുമെന്ന ഭീഷണിയും ലാല്‍ ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു.

അതേ സമയം ആര്‍.എസ്.എസ് നേത്യത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് സിനിമയുടെ റിലീസ് ദിവസം തന്നെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ സംഘം നേതാക്കള്‍ക്കിടയിലും കടുത്ത പ്രതിഷേധമുയര്‍ന്നിടുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

എടുത്ത് ചാടിയുള്ള ഹര്‍ത്താല്‍ ആയിപ്പോയി പ്രഖ്യാപിച്ചതെന്ന നിലപാടാണ് ആര്‍.എസ്.എസിലെ പ്രബല വിഭാഗത്തിനുള്ളത്. മരിച്ച അയ്യപ്പ ഭക്തന്റെ മരണ മൊഴി പുറത്ത് വന്നത് ഹര്‍ത്താലിന്റെ ഉദ്യേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന വിലയിരുത്തലിലാണ് ഈ വിഭാഗം.

ഇപ്പോഴത്തെ ഹര്‍ത്താല്‍ പ്രഖ്യാപനം സംഘപരിവാര്‍ സംഘടനകളില്‍ വലിയ ഭിന്നതയാണ് ഉണ്ടാക്കിയിരിക്കുന്നത്.

മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെയും അകറ്റുന്നതിനു വേണ്ടി മാത്രമായി ഹര്‍ത്താല്‍ പ്രഖ്യാപനം മാറിയതില്‍ നേതാക്കള്‍ തന്നെ അമ്പരന്നിരിക്കുകയാണ്.

തിയറ്ററുകളിലേക്ക് ഒഴുകുന്നവര്‍ ഹര്‍ത്താലിനെ പ്രത്യക്ഷത്തില്‍ വെല്ലുവിളിക്കുന്നതില്‍ സംഘപരിവാര്‍ അണികളും അസ്വസ്ഥരാണ്. ‘ഒഴിവാക്കാമായിരുന്ന ഹര്‍ത്താല്‍’ എന്നാണ് പാര്‍ട്ടി തീരുമാനത്തെ കുറിച്ച് ബി.ജെ.പി അണികള്‍ പോലും പ്രതികരിക്കുന്നത്.

നേതൃത്വം പ്രഖ്യാപിച്ച ഹര്‍ത്താല്‍ വകവയ്ക്കാതെ താരരാജാവിന്റെ ഒടിയനെ കാണാന്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരും അനുഭാവികളും തിയറ്ററുകളില്‍ എത്തിയിട്ടുണ്ടെന്നതാണ് ഏറെ രസകരം.

Top