Mohanlal’s Road safety programme ‘ Subhayathra ‘ is super hit in social media

കൊച്ചി: റോഡ് സുരക്ഷാ ബോധവത്ക്കരണം ലക്ഷ്യമിട്ട് മോഹന്‍ലാല്‍ അഭിനയിച്ച ശുഭയാത്ര വീഡിയോകള്‍ ശ്രദ്ധേയമാകുന്നു.

ഡിജിപി ടി.പി സെന്‍കുമാറിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലടക്കം മികച്ച പ്രതികരണമാണ് പുറത്തിറങ്ങി ഇതിനകം തന്നെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

അപകടങ്ങളും മരണങ്ങളും ചിത്രീകരിച്ച് ബോധവത്ക്കരണം സാധ്യമാക്കാന്‍ ശ്രമിക്കുന്ന പതിവു ട്രാഫിക് വീഡിയോകളില്‍ നിന്നും വ്യത്യസ്തമാവുകയാണ്, ‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി കേരളാ പോലീസിനായി തയാറാക്കപ്പെട്ട ഈ ഹസ്വചിത്രങ്ങള്‍.

ഹെല്‍മെറ്റ് ഉപയോഗം, സീറ്റ്‌ബെല്‍റ്റ് ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ലെയിന്‍ ട്രാഫിക്, സീബ്രാ ക്രോസിംഗ്, അമിതവേഗം, ട്രാഫിക് നിയമപാലനം തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ഓരോ ഹ്രസ്വചിത്രത്തിലും തികച്ചും പോസിറ്റീവ് ആയുള്ള മാര്‍ഗത്തിലൂടെയാണ് ബോധവത്ക്കരണം സാധ്യമാക്കിയിരിക്കുന്നത്.

എട്ടു മാസം മുതല്‍ 24 വയസുവരെയുള്ള കുട്ടിയിലൂടെ അച്ഛനും മകനുമായുള്ള ബന്ധം ചിത്രീകരിച്ച് ഹെല്‍മെറ്റ് ബോധവത്ക്കരണം സാധ്യമാക്കുന്ന വീഡിയോയും പട്ടം പറത്തലിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യം ചിത്രീകരിക്കുന്ന വീഡിയോയുമെല്ലാം ഏറെ ശ്രദ്ധേയമാണ്.

ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍ ഓരോ ഹ്രസ്വചിത്രത്തെയും തികച്ചും ആസ്വാദ്യകരമാക്കുന്നു. താരാട്ടുതൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ വാഹനത്തില്‍ കൊണ്ടുപോകുന്നതില്‍ നല്‍കുന്ന സുരക്ഷിതത്വത്തിലൂടെയാണ് സീറ്റ്‌ബെല്‍റ്റിനെക്കുറിച്ചുള്ള ബോധവത്ക്കരണ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലെയിന്‍ ട്രാഫിക് വീഡിയോയിലെ ഉറുമ്പിന്റെ ആനിമേഷന്‍ രംഗങ്ങളും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നതാണ്.

ട്രാഫിക് നിയന്ത്രണം ലക്ഷ്യമാക്കി, ‘നേരുന്നു ശുഭയാത്രകള്‍’ എന്ന പേരില്‍ മോഹന്‍ലാല്‍ അടുത്തിടെ പുറത്തിറക്കിയ ബ്ലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചലച്ചിത്രതാരങ്ങളും മറ്റു ചാനല്‍ താരങ്ങളും അഭിനയിച്ചിരിക്കുന്ന ഓരോ ഹ്രസ്വചിത്രത്തിനുമൊടുവില്‍ മോഹന്‍ലാല്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഒന്നര മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യം വരുന്ന ചിത്രങ്ങള്‍ക്ക് ഓരോന്നിനും ശബ്ദം നല്‍കിയിരിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

‘നമുക്കു സൃഷ്ടിക്കാം പുതിയൊരു റോഡ് സംസ്‌കാരം’ എന്ന ആഹ്വാനത്തിലൂടെ ‘ശുഭയാത്രയ്ക്കായി നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ മോഹന്‍ലാല്‍’ എന്നു പറഞ്ഞുകൊണ്ട്, മോഹന്‍ലാല്‍ തന്റെ സാമൂഹിക ദൗത്യം ഇവിടെ നിര്‍വഹിക്കുകയാണ്.

കേരളാ പോലീസിന്റെ ഗതാഗത ബോധവത്ക്കരണ പദ്ധതിയായ ‘ശുഭയാത്ര’യുടെ പേരില്‍, ട്രാഫിക്കിന്റെ ചുമതല കൂടിയുള്ള തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ഐ.പി.എസിന്റെ മേല്‍നോട്ടത്തിലാണ് പത്തു ഫിലിമുകളുടെയും ചിത്രീകരണം പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പിന്തുണയോടെ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ ആശയവും സംവിധാനവും, മുപ്പതില്‍പ്പരം ഗ്രന്ഥങ്ങളിലൂടെ ശ്രദ്ധേയനായ ടോണി ചിറ്റേട്ടുകളമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Top