ചെന്നൈ: തന്റെ ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ മാറ്റാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഇംഗ്ലണ്ട് താരം മോയിന്‍ അലി ആവശ്യപ്പെട്ടുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചെന്നൈ സി.ഇ.ഒ കാശി വിശ്വനാഥന്.
തനിക്ക് അണിയാന്‍ നല്കുന്ന ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യണമെന്ന് മോയിന്‍ അലി ആവശ്യപ്പെട്ടുവെന്നും അത് സി.എസ്.കെ അംഗീകരിച്ചുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യമാണ് ഇപ്പോള്‍ സൂപ്പര്‍ കിങ്സ് അധികൃതര്‍ നിഷേധിച്ചിരിക്കുന്നത്.
എസ്.എന്‍.ജി 10000 എന്ന ഡിസ്റ്റിലറിയുടെ ലോഗോ സൂപ്പര്‍ കിങ്സ് ജേഴ്സിയിലുണ്ട്. ഇത് തന്റെ ജേഴ്സിയില്‍ നിന്ന് നീക്കാനാണ് മോയിന്‍ അലി ആവശ്യപ്പെട്ടതെന്നായിരുന്നു ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ താരം ഇത്തരത്തില്‍ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ലെന്ന് സൂപ്പര്‍ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥന് പ്രതികരിച്ചു.
ഇസ്ലാം മത വിശ്വാസിയായ മോയിന്‍ അലി മതപരമായ കാരണം ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ദേശീയ ടീമിലും ആഭ്യന്തര മത്സരങ്ങളിലും മദ്യക്കമ്പനികളുടെ ലോഗോ തന്റെ ജേഴ്സിയില്‍ അനുവദിക്കാറില്ല.