‘മരണത്തെ ഭയക്കുന്നില്ല’; മാവോയിസ്റ്റ് ആക്രമണത്തിനിരയായ അസിസ്റ്റന്റ് ക്യാമറമാന്റെ വീഡിയോ

ന്യൂഡല്‍ഹി: ഛണ്ഡീഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ദൂരദര്‍ശന്‍ ക്യാമറ അസിസ്റ്റന്റ് മോര്‍മിക്തിന്റെ വീഡിയോ പുറത്ത്. അമ്മയ്ക്കുള്ള സന്ദേശമാണ് വീഡിയോയില്‍ ഉള്ളത്. ‘ഇവിടെ സ്ഥിതി അതീവ ഗുരുതരമാണ്, എന്നാല്‍ ഞാന്‍ മരണത്തെ ഭയക്കുന്നില്ല’ എന്ന് അമ്മയ്ക്കു നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടര്‍ ധിരാജ് കുമാര്‍, കൊല്ലപ്പെട്ട ക്യാമറാമാന്‍ അച്യുതാനന്ദ സഹൂ എന്നിവര്‍ക്കൊപ്പം ബസ്താറില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണ് മോര്‍മുക്ത്. അച്യുതാനന്ദ സഹൂവും രണ്ട് പോലീസുകാരും ഇവിടെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പരിക്കേറ്റ മറ്റുള്ളവരെ എയര്‍ലിഫ്റ്റ് ചെയ്ത് റായിപ്പൂരില്‍ എത്തിക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. ഇവര്‍ അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഈ മേഖലയില്‍ എത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്പി അഭിഷേക് പല്ലവുമായുള്ള അഭിമുഖത്തിന് ശേഷം മടങ്ങുകയായിരുന്ന വാര്‍ത്താ സംഘത്തിന് നേരെ അരാന്‍പൂരില്‍ വച്ചാണ് ആക്രമണമുണ്ടായത്.

ഛത്തിസ്ഗഢ് നിയമസഭയിലെ 90 സീറ്റുകളിലേക്ക് രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 12നും രണ്ടാംഘട്ടം 20നും നടക്കും.

Top