എക്‌സ്ടി, യുടി മികവുകള്‍ സമന്വയിപ്പിച്ച് മോജൊ- 300 തിരിച്ചെത്തിക്കാന്‍ എം ആന്‍ഡ് എം

പ്രീമിയം ബൈക്കായ മോജൊ- 300 തിരിച്ചെത്തിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം). മുന്‍ഗാമികളായ എക്‌സ്ടി- 300, യുടി- 300 എന്നിവയില്‍ നിന്നുള്ള സവിശേഷതകള്‍ സമന്വയിപ്പിച്ചാണ് ആന്റി ലോക്ക് ബ്രേക്ക് (എബിഎസ്) സംവിധാനം സഹിതമുള്ള പുത്തന്‍ മോജൊയുടെ വരവ്. ഇരട്ട ചാനല്‍ എബിഎസ് സഹിതമെത്തുന്ന ഈ മോജൊ- 300 ബൈക്കിന് 1.88 ലക്ഷം രൂപയാണു ബെംഗളൂരുവിലെ ഷോറൂം വില.

ബൈക്കിനു കരുത്തേകുക എക്‌സ്ടി- 300 മോഡലിലെ 294.72 സിസി, ഫ്യുവല്‍ ഇഞ്ചക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. പക്ഷേ എന്‍ജിന്‍ സൃഷ്ടിക്കുന്ന കരുത്ത് 7,500 ആര്‍പിഎമ്മില്‍ 26.29 ബിഎച്ച്പിയായി കുറഞ്ഞിട്ടുണ്ട്. എക്‌സ്ടിയില്‍ ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 27.17 ബിഎച്ച്പി വരെ കരുത്താണു സൃഷ്ടിച്ചിരുന്നത്. ഇതോടൊപ്പം ടോര്‍ക്കും നേരത്തെയുള്ള 30 എന്‍എമ്മില്‍ നിന്ന് 28 എന്‍എമ്മായി കുറഞ്ഞിട്ടുണ്ട്. അതേസമയം മുന്‍ മോഡലിലെ പോലെ 5,500 ആര്‍പിഎമ്മില്‍ തന്നെയാണ് ഈ ‘മോജൊ’യും പരമാവധി ടോര്‍ക്ക് സൃഷ്ടിക്കുക.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണു ബൈക്കിന്റെ സസ്‌പെന്‍ഷന്‍. എക്‌സ്ടി- 300ന്റെ സവിശേഷതകളായിരുന്ന ഇരട്ട എക്‌സോസ്റ്റ് പുതിയ ബൈക്കില്‍ നിലനിര്‍ത്തിയിട്ടില്ല; പകരം യുടി- 300ലെ സിംഗിള്‍ ബാരല്‍ എക്‌സോസ്റ്റാണു ബൈക്കില്‍ ഇടംപിടിക്കുന്നത്.

Top