തിരുവനന്തപുരം: കേരള സമൂഹത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കുന്ന ക്രിമിനല്‍ രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമാണ് കൊടകര കുഴല്‍പ്പണക്കേസെന്ന് സി.പി.ഐ.എം.പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. അതീവ ഗുരുതരമായ പ്രശ്‌നമായി ഇത് കാണണമെന്നും എം.എ. ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃശൂരില്‍ ഉണ്ടായിരിക്കുന്ന കുഴല്‍പ്പണക്കേസ് ആര്‍.എസ്.എസിന്റെ പണം ഒഴുക്കല്‍ ആണെന്നും അത് ഇപ്പോള്‍ അബദ്ധത്തില്‍ പുറത്ത് ചാടിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആര്‍.എസ്.എസിന്റെ പണാധിപത്യ ശ്രമത്തെ, നഗ്‌നമായ ക്രിമിനല്‍ രാഷ്ട്രീയത്തെ ഈ നാട് ഒന്നായി ചേര്‍ന്ന് എതിര്‍ത്തില്ലെങ്കില്‍ നമ്മുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല ജനാധിപത്യ വിരുദ്ധമാക്കാന്‍ പോകുന്നത്. നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലെയും പരിമിത ജനാധിപത്യ സ്വഭാവത്തെ പണം ചെലവാക്കി അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, കേരളത്തിന് പുറത്തു നിന്ന് നിയമവിരുദ്ധമായി സമാഹരിച്ച പണം, കേരളത്തിലെ ബി.ജെ.പി.യുടെ സംഘടനാ ചുമതലയുമായി ആര്‍.എസ്.എസ് നേരിട്ട് നിയോഗിച്ചിരിക്കുന്ന വ്യക്തിയാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി എത്തിച്ചത് എന്നത് ശ്രദ്ധേയമാണ്.ഒരു സ്ഥാനാര്‍ഥിക്കു ചെലവഴിക്കാവുന്ന പരമാവധി തുക സംബന്ധിച്ച തെരഞ്ഞെടുപ്പു ചട്ടവും ബി.ജെ.പി. ലംഘിച്ചിരിക്കയാണെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് തന്റെ പ്രതികരണം എം.എ ബേബി അറിയിച്ചത്.