കള്ളപ്പണം വെളുപ്പിക്കല്‍; മഹാരാഷ്ട്ര മുന്‍ മന്ത്രി അനില്‍ ദേശ്മുഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 9 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി നിരസിച്ചു. പി.എം എല്‍.എ കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നവംബര്‍ ഒന്നിനാണ് അനില്‍ ദേശ്മുഖ് അറസ്റ്റിലായത്.

മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിംഗിന്റെ ആരോപണങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നാണ് അനില്‍ ദേശ്മുഖ് വാദിക്കുന്നത്.

ഇതിനിടെ ആരോപണത്തില്‍ നിലപാട് മാറ്റി മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിംഗ് രംഗത്തെത്തിയിരുന്നു. അനില്‍ ദേശ്മുഖിനെതിരെ തന്റെ പക്കല്‍ തെളിവില്ലെന്ന് പരംബീര്‍ സിംഗ് പറഞ്ഞിരുന്നു. അന്വേഷണ കമ്മിഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പരംബീര്‍ സിംഗ് ഇക്കാര്യം അറിയിച്ചത്.

Top