ന്യൂഡല്‍ഹി: കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ ഭദ്ര സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ഉപാധിയിലാണ് ജാമ്യം.
കോടതി അനുമതിയില്ലാതെ വിക്രമാദിത്യന് രാജ്യത്തിന് പുറത്ത് പോകാന്‍ സാധിക്കില്ല. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും അയാള്‍ പുറത്തിറങ്ങിയാല്‍ സ്വാതന്ത്രം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കള്ളപ്പണക്കേസിലെ വാദം സെപ്തംബര്‍ 19ന് വീണ്ടും നടക്കും.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജൂലൈ 21നാണ് വിക്രമാദിത്യനെതിരെ കേസെടുക്കുന്നത്. മുന്‍ മുഖ്യമന്ത്രി വീര്‍ ഭദ്രസിംഗിനും കേസില്‍ പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. അദ്ദേഹത്തിന്റെ ഭാര്യയും കേസില്‍ പ്രതിയാണ്.
യൂണിവേഴ്‌സല്‍ ആപ്പിള്‍ അസോസിയേറ്റ് ഉടമ ചുന്നിലാല്‍ ചൗഹാന്‍, എല്‍ഐസി ഏജന്റ് ആനന്ദ് ചൗഹാന്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.
വിക്രമാദിത്യ സിംഗ് വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. 10 കോടിയുടെ സ്വത്ത് ഇയാള്‍ക്കുണ്ട്.
കേസില്‍ സ്വാധീനമുണ്ടാകാതിരിക്കാനാണ് ഹിമാചല്‍ ഹൈക്കോടതിയില്‍ നിന്ന് കേസ് ഡല്‍ഹിയിലേയ്ക്ക് മാറ്റിയത്. നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിണനയിലാണ് കേസ്.