കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം. രണ്ട് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥര്‍ക്കെതിരായ വിവരങ്ങള്‍ തേടി ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഡിജിപിക്കും വിജിലന്‍സ് മേധാവിക്കും കത്തയച്ചു.

കേരള പൊലീസിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. എറണാകുളം തടിയക്കപറമ്പ് സ്റ്റേഷനിലെ എസ്എച്ച്ഒ സുരേഷ് കുമാര്‍, എഎസ്ഐ ജേക്കബ്, വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ ജ്യോതി ജോര്‍ജ്, തൃശൂര്‍ കൊടകര സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സര്‍വീസ് വിവരങ്ങള്‍ അടക്കം ഇഡി തേടിയിട്ടുണ്ട്.

സംസ്ഥാന പൊലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരില്‍ തുടങ്ങി താഴേത്തലത്തില്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു. പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരുടെ വിവരം ചോദിച്ച് ഇ.ഡി കത്തെഴുതിയത്.

 

Top