കൊച്ചി: തൃക്കാക്കര നഗരസഭയുമായി ബന്ധപ്പെട്ട ഓണസമ്മാന വിവാദത്തില്‍ വിജിലന്‍സ് പരിശോധന. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ പരിശോധന ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടു. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചതായാണ് വിവരം.
നഗരസഭ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ദൃശ്യങ്ങളില്‍ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ നല്‍കിയ പണക്കിഴിയുമായി മടങ്ങുന്ന കൗണ്‍സിലര്‍മാരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ നടപടികളുടെ ഭാഗമായി ഈ കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, പരിശോധനയ്ക്ക് പിന്നാലെ നഗര സഭാ അധ്യക്ഷ അജിത തങ്കപ്പന് വിജിലന്‍സ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സണെതിരെ ഇന്നലെ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയിരുന്നു. സമരം ശക്തമായതോടെ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് ഹാളിലേക്ക് കടക്കാനായില്ല. എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭാ ഹാളിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് സംരക്ഷണയില്‍ അധ്യക്ഷ ചേംബറിലേക്ക് പ്രവേശിച്ചു. ചേംബറില്‍ യോഗം ചേര്‍ന്നതായി അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ യോഗത്തില്‍ സെക്രട്ടറി പങ്കെടുത്തില്ല.
തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ ന?ഗരസഭാധ്യക്ഷയുടെ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് അജിത തങ്കപ്പന്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാരില്‍ ചിലര്‍ കവര്‍ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തായത്.