ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വെയ്‌സിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 538 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു നടപടി.
നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ പേരില്‍ ലണ്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. 17 ഫ്‌ലാറ്റുകള്‍, ബംഗ്ലാവുകള്‍, വാണിജ്യ കെട്ടിടങ്ങള്‍ തുടങ്ങിയ ഇക്കൂട്ടത്തിലുണ്ട്. ജെറ്റ് എയര്‍, ജെറ്റ് എന്റര്‍പ്രൈസസ് എന്നിവയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ക്കെതിരെയും നടപടിയുണ്ട്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണു നരേഷ് ഗോയലിനെതിരെ കേസ്. സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റിലായ ഗോയല്‍ നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തെ സിബിഐയും നരേഷ് ഗോയലിനെതിരെ കേസെടുത്തിരുന്നു. ഗോയലിന്റെ വീട് ഉള്‍പ്പെടെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.