മുക്കുപണ്ടം വച്ച് പണം തട്ടാന്‍ ശ്രമം; യുവതിയും കൂട്ടാളികളും പിടിയിൽ

തൃശൂര്‍: കൂര്‍ക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് 2 ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനിടെ പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍. പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരി വീട്ടില്‍ ശ്രീജ (50), തൃശൂര്‍ കണിമംഗലം തച്ചറ വീട്ടില്‍ സുമന്‍ (44), തൊടുപുഴ മണക്കാട് നടുകുടിയില്‍ അനൂപ് (37) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണ വളകള്‍ പണയം വച്ച് സുമന്‍ ആണ് 2 ലക്ഷം രൂപ കൈപറ്റിയത്. സംശയം തോന്നിയ ബാങ്കുകള്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോള്‍ ഇവ വ്യാജമാണെന്നു തെളിഞ്ഞു. ബാങ്ക് അധികൃതര്‍ പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ സിനിയും അനൂപും ബാങ്കിലെത്തി സുമന്‍ പണയം വച്ച സ്വര്‍ണം പിന്‍വലിക്കാന്‍ എത്തി. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

നൂറോളം കേസിലെ പ്രതിയായ സിനി ഒരോ കാലത്തും ഓരോ തട്ടിപ്പുരീതികളാണ് പ്രയോഗിക്കുന്നത്. കൂര്‍ക്കഞ്ചേരിയിലെയും ഒല്ലരിലെയും ആഡംബര ഫ്‌ലാറ്റുകള്‍ വാടകയ്‌ക്കെടുത്താണ് തട്ടിപ്പ് പ്ലാന്‍ ചെയ്യുന്നത്. ഒല്ലൂരില്‍ രണ്ടും ഈസ്റ്റ്, വെസ്റ്റ്, പുതുക്കാട് സ്റ്റേഷനുകളില്‍ ഒരോ കേസ് വീതവും സിനിയുടെ പേരിലുണ്ട്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഫിറോസ്, എസ്‌ഐമാരായ അന്‍ഷാദ്, സിനോജ്, സീനിയര്‍ സിപിഒ ദുര്‍ഗാലക്ഷ്മി, ജയലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Top