കൊച്ചി: ഫോബ്സ് മാസികയുടെ ’30 അണ്ടര്‍ 30′ പട്ടികയില്‍ ഇടംപിടിച്ച് ഒരു മലയാളി സംരംഭകന്‍. മാസികയുടെ ഇന്ത്യ പതിപ്പ് പുറത്തുവിട്ട ഈ വര്‍ഷത്തെ ’30 അണ്ടര്‍ 30′ പട്ടികയിലാണ് പെരിന്തല്‍മണ്ണ സ്വദേശിയായ അജീഷ് അച്യുതന്‍ സ്ഥാനം പിടിച്ചത്.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വേണ്ടിയുള്ള നിയോ ബാങ്കിങ് പ്ലാറ്റ്ഫോമായ ‘ഓപ്പണി’ന്റെ സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് അജീഷ്. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം സായ് പല്ലവി, യുട്യൂബര്‍ ഭുവന്‍ ഭാം, റാപിഡോ, ഭാരത് അഗ്രി, സേട്ടു എന്നിവയുടെ സ്ഥാപകര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് മലയാളി സംരംഭകനും സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംരംഭകരുടെയും സ്വാധീന ശക്തികളായ വ്യക്തിത്വങ്ങളുടെയും ഒപ്പം ‘ഫോബ്സ് ഇന്ത്യ 30 അണ്ടര്‍ 30’ യുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു. അനീഷ് അച്യുതന്‍, മേബല്‍ ചാക്കോ, ടാക്സി ഫോര്‍ ഷുവറിന്റെ സി.എഫ്.ഒ. ആയിരുന്ന ഡീന ജേക്കബ് എന്നിവരോടൊപ്പം ചേര്‍ന്നാണ് ബെംഗളൂരു ആസ്ഥാനമായി അജീഷ് ഓപ്പണിന് തുടക്കമിട്ടത്.