ബജറ്റ് ദിവസം ഓഹരി വിപണി 987.96 പോയന്റ് താഴ്ന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ബജറ്റ് ദിവസം ഓഹരി വിപണി ആയിരത്തോളം പോയന്റ് താഴ്ന്ന് ക്ലോസ് ചെയ്തു. ഓഹരി വിപണി 987.96 പോയന്റ് താഴ്ന്ന് 39,735.53ലും നിഫ്റ്റി 318.30 പോയന്റ് നഷ്ടത്തില്‍ 11643.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

11 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ്‌ ബജറ്റ് ദിവസം ഓഹരി വിപണി ആയിരത്തോളം പോയന്റ് താഴ്ന്ന് കൂപ്പുകുത്തിയിരിക്കുന്നത്. ബജറ്റില്‍ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടാകാതിരുന്നതാണ് തിരിച്ചടിയായത്. നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ് നീക്കിയത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പടെയുള്ളവയുടെ ഓഹരിവില ഇടിച്ചു.

ബിഎസ്ഇയിലെ 611 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1726 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അടിസ്ഥാന സൗകര്യവികസനം, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികള്‍ നാലുശതമാനംവരെ നഷ്ടത്തിലായി.

ഐടിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ ആറുശതമാനംവരെ താഴ്ന്നു. ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, നെസ് ലെ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top