നിയമം അനുശാസിക്കുന്ന രീതിയില്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഡിജിറ്റല്‍ വിവരങ്ങള്‍ നിരീക്ഷിക്കാനും, പരിശോധിക്കാനും അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏത് കമ്പ്യൂട്ടര്‍ ശ്രോതസ്സിലും സൃഷ്ടിക്കുകയും, കൈമാറുകയും, സ്വീകരിക്കുകയും, ശേഖരിക്കുകയും ചെയ്യുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമം അനുമതി നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, വൈബര്‍, ഗൂഗിള്‍ കോളുകള്‍, സന്ദേശങ്ങള്‍ തുടങ്ങിയവയില്‍ ഗവണ്‍മെന്റ് നിരീക്ഷണം നടത്തുന്നുണ്ടോയെന്ന പ്രതിപക്ഷ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അതേസമയം നിയമം അനുശാസിക്കുന്ന രീതിയില്‍ അംഗീകൃത ഏജന്‍സികള്‍ മാത്രമാണ് ഇത് ചെയ്യുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
വാട്‌സ്ആപ്പില്‍ കടന്നുകയറിയ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഗവണ്‍മെന്റ് പ്രയോജനപ്പെടുത്തിയോ എന്ന ചോദ്യത്തിന് റെഡ്ഡി മറുപടി നല്‍കിയില്ല. ഈ മാസം ആദ്യമാണ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംസാരിച്ച ഏതാനും ആക്ടിവിസ്റ്റുകളുടെയും, മനുഷ്യാവകാശ അഭിഭാഷകരുടെയും ഫോണുകള്‍ ഹാക്ക് ചെയ്ത വിവരം പുറത്തുവന്നത്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മാല്‍വെയര്‍ ഉപയോഗിച്ച് ഹാക്കിംഗ് നടന്ന വിവരം സ്ഥിരീകരിച്ചിരുന്നു. ഇസ്രയേല്‍ കമ്പനിക്കെതിരെ ഇവര്‍ കേസും നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ കേന്ദ്രം തയ്യാറാക്കുന്ന നിയമങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.