സർക്കാർ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് മോണിറ്ററിംഗ് സെൽ രൂപീകരിച്ചു

chandrasekharan

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങളൊഴിപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി റവന്യൂ വകുപ്പ്. കയ്യേറ്റം സംബന്ധിച്ച പരാതിയോ മാധ്യമ റിപ്പോര്‍ട്ടുകളോ വന്നാല്‍ സ്ഥല പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു. കൈയേറ്റം ഒഴിപ്പിക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താനും സെല്ലിനെ ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം അനന്തമായി നീണ്ടും പോകുന്ന സാഹചര്യത്തിലാണ് മോണിറ്ററിംഗ് സെല്‍ രൂപീകരിക്കാനുളള തിരുമാനം.

ലാന്റ് റവന്യു കമ്മീഷണറും ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഒരു സംഘം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് മോണിറ്ററിംഗ് സെല്‍. സര്‍ക്കാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരില്‍ റിപ്പോര്‍ട്ട് തേടുകയും കൈയേറ്റം സമയബന്ധിതമായി ഒഴിപ്പിക്കുകയുമാണ് സെല്ലിന്റെ ചുമതലകള്‍.

സ്റ്റേ ഉത്തരവുകള്‍ ഒഴിപ്പിച്ചെടുക്കാനുള്ള ചുമതലയും സെല്ലിനാണ്. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കുന്നതും എതിര്‍സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യുന്നതും സെല്ലിന്റെ ചുമതലയില്‍ വരും. സബ് കളക്ടര്‍മാരുടെയും ആര്‍. ഡി. ഒ മാരുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമിയിയലെയും പുറമ്പോക്ക് ഭൂമിയിലെയും പാതയോരത്തെയും കൈയ്യേറ്റം ഒഴിപ്പിക്കാന്‍ സ്‌പെഷ്യല്‍ നടത്താനും സെല്ലിന് ചുമലതല നല്‍കിയിട്ടുണ്ട്.

കോടതി ഇടപെടലുകള്‍ കാരണം ഒഴിപ്പിക്കാനാവാത്ത കൈയേറ്റങ്ങളെക്കുറിച്ചുള്ള വിവരം ജില്ലാ കളക്ടര്‍മാര്‍ ഉടനടി മോണിറ്ററിംഗ് സെല്ലിന് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top