ഇന്ത്യ-ചൈനീസ് നിയന്ത്രണ രേഖയില്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയെന്ന് വിവരം. ഈ സാഹചര്യത്തില്‍ ഇന്ത്യ മിസൈല്‍ കവചം തയ്യാറാക്കുകയും അതിര്‍ത്തിയില്‍ 15000 സൈനികരെ കൂടി വിന്യസിപ്പിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം മുറുകുന്നതിനിടയിലും പരസ്പര കൂടിയാലോചനകള്‍ക്കുള്ള വിവിധ മന്ത്രാലയങ്ങളിലെയും സൈനിക വിഭാഗങ്ങളിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട വര്‍ക്കിംഗ് സമിതി യോഗങ്ങള്‍ തുടരാന്‍ തീരുമാനമായി.
വര്‍ക്കിങ് മെക്കാനിസം ഓഫ് കോഡിനേഷന്‍ കോപ്പറേഷന്‍ യോഗത്തില്‍ ചൈനയുമായി ഉഭയകക്ഷി ചര്‍ച്ച തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. എല്ലാ ആഴ്ചയും യോഗം ചേരും. സൈനികരെ പിന്‍വലിക്കാനും ഏറ്റുമുട്ടല്‍ ഒഴിവാക്കാനുമുള്ള ചര്‍ച്ചയാണ് കൂടിയാലോചനയിലുണ്ടാവുക. അതേസമയം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമായി ചൈന ലഡാക് നിയന്ത്രണ രേഖക്കടുത്ത ദൗലത്ത് ബേഗ് ഓള്‍ഡി, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര ഹൈറ്റ്‌സ്, പാംഗോങ് മലനിരകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്തി.
ചൈനയുടെ നടപടിക്ക് മറുപടിയായി ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ കവചം വിന്യസിച്ചു. വിമാനങ്ങളും മിസൈലുകളും മിന്നല്‍ വേഗതയില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് മിസൈലുകള്‍ അടങ്ങുന്നതാണ് സന്നാഹം. ഇന്ത്യന്‍ പോര്‍വിമാനങ്ങളും നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. ഇതിന് പുറമെ ടാങ്കറുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി ഇന്ത്യ 15000 സൈനികരെയും അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്.