നവാദ: ബീഹാറില്‍ മൂന്നു സന്ന്യാസിനിമാര്‍ കൂട്ട ബലാത്സംഗത്തിനിരയായി. ആശ്രമ തലവനായ തപസ്യാനന്ദും മറ്റു 13 പേരും ചേര്‍ന്നാണ് സന്ന്യാസിനിമാരെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ആശ്രമ തലവന്‍ ഉള്‍പ്പെടെ 13 പേര്‍ ഇപ്പോള്‍ ഒളിവിലാണ്.
2017 ഡിസംബര്‍ നാലിന് ബിഹാറിലെ നവാദ ജില്ലയിലെ സന്ത് കുടിര്‍ ആശ്രമത്തിലാണ് സംഭവം നടന്നതെന്ന് ജില്ലാ എസ്.പി. വികാസ് ബര്‍മന്‍ വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരാശ്രമത്തിലെ സന്ന്യാസിനിമാരെ പീഡിപ്പിച്ച പരാതിയില്‍ തപസ്യാനന്ദിനെതിരേ മുമ്പും കേസുണ്ട്. അവിടെനിന്ന് രക്ഷപ്പെട്ട സത്യാനന്ദ് സന്ത് കുടിര്‍ ആശ്രമത്തില്‍ അഭയം തേടുകയായിരുന്നു. ജനുവരി ഒന്‍പതിന് പൊലീസ് അവിടെ പരിശോധന നടത്തിയെങ്കിലും അയാള്‍ രക്ഷപ്പെട്ടെന്ന് എസ്.പി. പറഞ്ഞു.
മൂന്ന് സന്ന്യാസിനിമാരെയും ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ആശ്രമത്തില്‍ റെയ്ഡ് നടത്തുകയും, പൊലീസ് ആശ്രമം പൂട്ടി സീല്‍ വെയ്ക്കുകയും ചെയ്തു.