മങ്കിപോക്സ് : വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശന പരിശോധനയ്ക്ക് നിർദേശം

ഡൽഹി: രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലെയും, തുറമുഖങ്ങളിലെയും പരിശോധന വിലയിരുത്തി ആരോഗ്യ മന്ത്രാലയം. പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഈ മാസം 13ന് ദുബായിൽ നിന്നെത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മുപ്പത്തിയൊന്നുകാരനായ രോഗി.

ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിക്ക് നാട്ടിൽ എത്തിയതിന് ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു. ഇദ്ദേഹവുമായി അടുത്ത് സമ്പർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിലെ പ്രത്യേക ഐസൊലേഷൻ മുറിയിലാണ് ചികിത്സ നൽകുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തുന്നത്.

Top