മങ്കി പോക്‌സ് പടരുന്നതില്‍ 99 ശതമാനവും പുരുഷന്മാരിലാണ്. അവരില്‍ തന്നെ പനി പടരുന്നത് സ്വവര്‍ഗ്ഗരതിക്കാരിലാണെന്ന് കണ്ടെത്തിയതോടെ ലൈംഗിക പങ്കാളികളെ പരിമിതപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ നിര്‍ദ്ദേശിച്ചു. യുഎസിലും യൂറോപ്പിലും, അറബ് രാജ്യങ്ങളിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് ഭൂരിഭാഗം അണുബാധകളും സംഭവിച്ചത്, എന്നാല്‍ ആര്‍ക്കും വൈറസ് പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
മങ്കി പോക്‌സ് പ്രധാനമായും ചര്‍മ്മത്തില്‍ നിന്ന് ചര്‍മ്മത്തിലേക്കുള്ള സമ്പര്‍ക്കത്തിലൂടെയാണ് പടരുന്നത്. രോഗബാധയുള്ള ഒരാള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വഴിയും ഇത് പകരാം. ലൈംഗികമായി പകരുന്ന ഒരു രോഗം പോലെ ഇത് ജനങ്ങള്‍ക്കിടയില്‍ പടരുന്നുണ്ടെങ്കിലും അതിവ്യാപനം സംഭവിച്ചിട്ടില്ല. പനി, ശരീരവേദന, വിറയല്‍, ക്ഷീണം, ശരീരഭാഗങ്ങളില്‍ മുഴകള്‍ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.
പല പുരുഷന്മാരിലും ഈ രോഗം താരതമ്യേന സൗമ്യമാണ്, യുഎസില്‍ ആരും മരിച്ചിട്ടില്ല, പക്ഷേ ആളുകള്‍ക്ക് ആഴ്ചകളോളം ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ കുരങ്ങുപനി വ്യാപകമാണ്, അവിടെ എലിയുടെയോ ചെറിയ മൃഗങ്ങളുടെയോ കടിയാല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സാധാരണയായി ആളുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരില്ല.