കാണ്‍പൂര്‍: ഫത്തേപ്പൂരിലെ മാനുകാ പൂര്‍വാപ്രദേശത്ത് കുരങ്ങന്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഇതേ തുടര്‍ന്ന് അഞ്ചുവയസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ കുട്ടിയുടെ നില ഗുരുതരമാണ്. അഞ്ചുവയസുകാരന്റെ ശരീരത്തില്‍ പലയിടങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ തൊട്ടടുത്താണ് ബോംബ് വീണ് പൊട്ടിയത്.
റോഡുവക്കിലെ മാലിന്യവീപ്പയിലെ കവറിലുണ്ടായിരുന്ന പെട്രോള്‍ ബോംബാണ് കുരങ്ങന്‍ എറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.
കവറുമായി തൊട്ടടുത്ത വീടിനുമുകളില്‍ കയറിയ കുരങ്ങന്‍ താഴെനില്‍ക്കുന്നവര്‍ക്കുനേരെ എറിയുകയായിരുന്നു. ബോംബ് ഉപയോഗിച്ച് കളിക്കുന്നതിനിടെ താഴെവീഴുകയായിരുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. ബോംബ് മാലിന്യവീപ്പയിലെത്തിയത് എങ്ങനെയെന്നറിയാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.