ഡല്‍ഹി: രാജ്യത്ത് മങ്കിപോക്‌സ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യമന്ത്രാലയം. രോഗത്തെ ചെറുക്കുന്നതിനായി ചെയ്യേണ്ടതും ചെയ്യരുതാത്തുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നണ്ട്.
രോഗം ബാധിച്ചയാളെ നിര്‍ബന്ധമായും ഐസൊലേറ്റ് ചെയ്യണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. സാനിറ്റൈസറുകളുടെ ഉപയോഗത്തിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുന്ന കാര്യത്തിലും വിട്ടുവീഴ്ച്ച അരുതെന്നും നിര്‍ദേശത്തിലുണ്ട്. രോഗിയുമായി ഇടപഴകേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മാസ്‌ക് വെച്ച് മുഖം മറയ്ക്കുകയും ഡിസ്‌പോസബിള്‍ ഗ്ലൗവ്‌സ് ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. രോഗി താമസിക്കുന്ന ചുറ്റുപാടില്‍ അണുനശീകരണം നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി വസ്ത്രങ്ങളോ, കിടക്കയോ, ടവ്വലുകളോ കൈമാറി ഉപയോഗിക്കരുത് എന്നതാണ് അരുതുകളുടെ പട്ടികയില്‍ പ്രധാനം. രോഗം സ്ഥിരീകരിച്ചവരുടെയും അല്ലാത്തവരുടെയും വസ്ത്രങ്ങള്‍ ഒരുമിച്ച് അലക്കരുത്. രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ചവരെയോ രോഗമുണ്ടെന്ന് സംശയിക്കുന്നവരെയോ ഒറ്റപ്പെടുത്തരുത് എന്നതും പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. രോഗം സംബന്ധിച്ച തെറ്റായ പ്രചരണങ്ങളെയോ വാര്‍ത്തകളെയോ വിശ്വസിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്.
അടുത്തിടെയാണ് ലോകാരോഗ്യസംഘടന മങ്കിപോക്‌സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. രോഗ വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 70 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ സാഹചര്യം അസാധാരണമായെന്ന് പറഞ്ഞുകൊണ്ടാണ് പ്രഖ്യാപനമുണ്ടായത്.