മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് കഥ, ‘തീർപ്പിൽ’ ആ വിവാദ ‘ഡി.ഐ.ജിയും’

പ്രിഥ്വിരാജ് സുകുമാരന്‍ നായകനായ ‘തീര്‍പ്പ് ‘ സിനിമയ്ക്ക് അനുകൂലമായും പ്രതികൂലമായും സമ്മിശ്ര പ്രതികരണങ്ങളാണിപ്പോള്‍  സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുരളീ ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് സിനിമയുടെ റിവ്യൂവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും വിട്ടു കളഞ്ഞ ഒരു പ്രധാന കാര്യമുണ്ട്. അത്   മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പും അദ്ദേഹത്തിന്റെ ഉദ്യാഗസ്ഥ ബന്ധവുമെല്ലാം മറ്റൊരു തരത്തില്‍ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട് എന്നതാണ്. നാല് സുഹൃത്തുക്കള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ എന്നതിനപ്പുറം  ഗൗരവമേറിയ ഒരു ഓര്‍മ്മപ്പെടുത്തലും  ഈ തീര്‍പ്പിലുണ്ട്.

സിനിമയിലെ പ്രധാന കഥാപാത്രമായി വരുന്ന വിജയ് ബാബുവിന്റെ രാംകുമാര്‍ എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ മോന്‍സന്‍ മാവുങ്കലിനോട് ഏറെ സാമ്യമുള്ളതാണ്. സ്വന്തം വീട്ടില്‍ തട്ടിപ്പ് പുരാവസ്തു ശേഖരം സംഘടിപ്പിച്ച്  ഉന്നതരെയും വ്യവസായികളെയും ഉള്‍പ്പെടെ കബളിപ്പിച്ച മോന്‍സന്‍ മാവുങ്കലിന്റെ അതേ മാതൃകയില്‍ തന്നെയാണ് വിജയ് ബാബുവിന്റെ കഥാപാത്രത്തെയും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ വിഷയത്തില്‍ മോന്‍സന്‍ മാവുങ്കലിനുള്ള അതേ താല്‍പ്പര്യം തന്നെയാണ്  സിനിമയിലെ ‘വില്ലനും’ ചാര്‍ത്തി നല്‍കിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ സകല തട്ടിപ്പുകള്‍ക്കും കൂട്ട് നിന്നത് ഡി.ഐ.ജിയും ഐജിയും ആണെങ്കില്‍  അതിനു സമാനമായി  ഒരു ഡി.ഐ.ജിയാണ് സിനിമയിലെ ‘മാവുങ്കലിനെയും ‘ അതായത് വിജയ് ബാബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രഹസ്യ പാര്‍ട്ണറായും രക്ഷകനായും അവതരിപ്പിച്ചിരിക്കുന്നത്.

ഡി.ഐ.ജി കഥാപാത്രമായി സിനിമയില്‍ വരുന്നത് ഇന്ദ്രജിത്താണ്. യഥാര്‍ത്ഥ ജീവിതത്തില്‍  മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായിരുന്നത് മുന്‍ ഡി.ഐ.ജി സുരേന്ദ്രനും ഐ.ജി ലക്ഷ്മണനുമാണ്. മാവുങ്കലിന് എതിരെ പരാതി നല്‍കിയവര്‍ സുരേന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും എതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരുന്നത്. വഴിവിട്ട ബന്ധം മുന്‍ നിര്‍ത്തി ഐ. ജി ലക്ഷ്മണനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടെങ്കിലും സര്‍വ്വീസില്‍ നിന്നും വിരമിച്ച സുരേന്ദ്രനെതിരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. മോന്‍സന്‍ മാവുങ്കലിനെ വഴിവിട്ട് സഹായിച്ച ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് പരാതിക്കാര്‍ രംഗത്തു വന്നതിന് തൊട്ടു പിന്നാലെയാണ് സമാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ‘തീര്‍പ്പും’ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

വ്യാജ പുരാവസ്തു ശേഖരം കാട്ടി ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും മോഹന്‍ലാല്‍ അടക്കമുള്ള ഉന്നതരെയും കബളിപ്പിച്ചാണ് മോന്‍സന്‍ മാവുങ്കല്‍  തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നത്. യൂദാസിന്റെ വെള്ളിക്കാശ് മുതല്‍ ടിപ്പുവിന്റെ വാളും സിംഹാസനവും വരെ ഇതിനായി മോന്‍സന്‍ ഡ്യൂപ്പിക്കേറ്റായി നിര്‍മ്മിക്കുകയും ചെയ്തു. ഇത് ഒര്‍ജിനലാണ് എന്നു കരുതി വിശ്വസിച്ച് പണം മുടക്കിയവരാണ് പിന്നീട് വെട്ടിലായിപ്പോയിരുന്നത്. ഇവരെ വിശ്വസിപ്പിക്കാന്‍ ഡി.ജി.പി ആയിരുന്ന ലോകനാഥ് ബഹ്‌റയെ ആ സിംഹാസനത്തില്‍ ഇരുത്തി  ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതും മോന്‍സന്‍ മാവുങ്കലാണ് വ്യാജ പുരാവസ്തു ശേഖരം മുന്‍ നിര്‍ത്തി മോന്‍സന്‍ സ്വീകരിച്ചതു പോലുള്ള തട്ടിപ്പ് രീതിയാണ് തീര്‍പ്പ് സിനിമയിലും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ തന്റെ വീടാണ് പുരാവസ്തു കേന്ദ്രമാക്കിയതെങ്കില്‍ സിനിമയില്‍ ‘വില്ലന്റെ’ ഹെറിറ്റേജ് ബംഗ്ലാവാണ് പുരാവസ്തു കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

പുരാവസ്തുക്കളെ കുറിച്ച്, വിജയ ബാബു അവതരിപ്പിക്കുന്ന രാംകുമാര്‍ എന്ന കഥാപാത്രം വര്‍ണ്ണിക്കുന്നത് കേള്‍ക്കുമ്പോള്‍ തന്നെ, പ്രേക്ഷകരുടെ മനസ്സില്‍ തെളിയുക മോന്‍സന്‍ മാവുങ്കലിന്റെ ചിത്രമായിരിക്കും. അത്രയ്ക്കും സാമ്യത, ഇരുവര്‍ക്കിടയിലും ഉണ്ട്. രക്ഷകനും പാര്‍ട്ണറുമായി പൊലീസ് ഡി.ഐ.ജി കൂടി രംഗത്തു വരുന്നതോടെ, എല്ലാം വക്തമാവുകയും ചെയ്യും. ‘തീര്‍പ്പിനായി’ തിരക്കഥ എഴുതിയ മുരളീ ഗോപി സമ്മതിച്ചാലും ഇല്ലങ്കിലും  രാംകുമാര്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നതില്‍  മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കഥയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അക്കാര്യത്തില്‍, പ്രബുദ്ധരായ പ്രേക്ഷകര്‍ക്കും സംശയം ഉണ്ടാകാന്‍ സാധ്യതയില്ല. ബാക്കിയെല്ലാം തന്നെ കച്ചവട സിനിമയുടെ നിലനില്‍പ്പിനായി ഉണ്ടാക്കിയെടുത്ത കഥയും കഥാപാത്രങ്ങളുമാണ്.

നാലു ബാല്യകാല സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്ന ഹെറിറ്റേജ് ബംഗ്ലാവില്‍വച്ച് തന്നെയാണ്, ‘തീര്‍പ്പിന്റെ ‘ തുടക്കവും  ഒടുക്കവും അരങ്ങേറിയിരിക്കുന്നത്.  പരമേശ്വരന്‍ പോറ്റി, രാംകുമാര്‍, അബ്ദുല്ല, കല്യാണ്‍. എന്നിവരെ യഥാക്രമം സൈജു കുറുപ്പ് , വിജയ് ബാബു, പ്രിഥിരാജ്, ഇന്ദ്രജിത്ത് എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന സങ്കീര്‍ണമായ ഒരു ഭൂതകാലമുണ്ട്. അതില്‍ രണ്ടുപേര്‍ വേട്ടക്കാരും, ഒരാള്‍ ദൃക്സാക്ഷിയും, മറ്റേയാള്‍ ഇരയുമാണ്. ബാക്കിവച്ച കണക്കുകള്‍ തീര്‍ക്കാനുള്ള ഈ അവസരം  ‘ഇര’ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ക്ലൈമാക്‌സ്. അതായത്, സാധാരണ ഗതിയില്‍ പ്രേക്ഷകര്‍ ചിന്തിക്കുന്നതിനും അപ്പുറമുള്ള ഒരവസാനമാണ്  സിനിമയ്ക്കുള്ളത്.അതാകട്ടെ, വല്ലാത്തൊരു ‘തീര്‍പ്പു’ തന്നെയാണ്

ലൂസിഫറിനു ശേഷം, മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം .കമ്മാരസംഭവത്തിനു ശേഷം, മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം.ഏറെ നിരൂപകപ്രശംസ നേടിയ, ‘ഹോം’ സിനിമയ്ക്കു ശേഷം  ഫ്രൈഡേയുടെ ബാനറില്‍ റിലീസിനെത്തിയ ചിത്രം. എന്നിങ്ങനെ പലതരം പ്രത്യേകതകള്‍ തീര്‍പ്പിനുണ്ട്. കോവിഡ് മൂന്നാം തരംഗസമയത്ത് പ്രോട്ടോക്കോളുകള്‍ പാലിച്ച് 48 ദിവസംകൊണ്ട്  ചുരുങ്ങിയ ചിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്. 1990 കളിലാണ് ചിത്രത്തിലെ മൂലകഥ സംഭവിക്കുന്നത്. കേരളത്തിന്റെ കടലോരത്ത് നടക്കുന്ന കഥയില്‍ ബാബ്റി മസ്ജിദ് തകര്‍ച്ച, ഹിന്ദു- മുസ്ലിം സംഘര്‍ഷങ്ങള്‍, ആഗോളവത്കരണം,, തീവ്രഹിന്ദുത്വ നിലപാടുകളിലേക്കുള്ള പ്രയാണം   തുടങ്ങിയവയും  പരാമര്‍ശിക്കപ്പെട്ടു പോകുന്നുണ്ട്. ഇതെല്ലാം തന്നെ, സാധാരണ പ്രേക്ഷകര്‍ക്ക് മനസ്സിലാകും വിധമല്ല ചിത്രീകരിച്ചിരിക്കുന്നത്. ഇത്, തിരക്കഥയിലെ വലിയൊരു പോരായ്മയാണ്.

അതുകൊണ്ടാണ്, ആ സിനിമയിലെ ഗാനാവിഷ്‌ക്കാരത്തിലെ ‘രാഷ്ട്രീയവും’ ചോദ്യം ചെയ്യപ്പെടുന്നത്. ‘ആട് ഇല കടിച്ച് ബാക്കിയാക്കി പോകുന്നതു പോലെ ‘ പല വിഷയങ്ങള്‍ വെറുതെ പരാമര്‍ശിച്ച് പോകുന്നത് തിരക്കഥയുടെ കെട്ടുറപ്പിനെയാണ് ബാധിച്ചിരിക്കുന്നത്. ഒരു ഹിന്ദു – മുസ്ലീം വിഷയവും പറയാതെ തന്നെ  ഈ സിനിമയിലെ കഥ പ്രേക്ഷകര്‍ക്ക് മനസ്സിലാകും വിധം പറഞ്ഞു പോകാന്‍ കഴിയുമായിരുന്നു. ആ വഴിക്ക് തിരക്കഥാകൃത്ത് ചിന്തിക്കാതിരുന്നത് വലിയ പിഴവ് തന്നെയാണ്. കേരളത്തെ ഞെട്ടിച്ച പുരാവസ്തു തട്ടിപ്പ് സംഭവത്തെ ചാതുര്യത്തോടെ കഥയില്‍ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും ഇതിലും ശക്തമായും വ്യക്തമായും  ഇക്കാര്യത്തിലെങ്കിലും, ഒരു ‘തീര്‍പ്പ് കല്‍പ്പിക്കാമായിരുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അവിടെയും  തിരക്കഥാകൃത്തിനും സംവിധായകനുമാണ്  വീഴ്ച പറ്റിയിരിക്കുന്നത്.


EXPRESS KERALA VIEW

Top