മോന്‍സണ്‍ കേസ്; ഐ ജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകള്‍ പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ്‌കേസ് പ്രതി മോന്‍സണ്‍ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സണിന്റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്.

ഐ ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും മോന്‍സണുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോന്‍സന്റെ പുരാവസ്തുക്കള്‍ ലക്ഷ്മണ വില്പന നടത്താന്‍ ശ്രമിച്ചതിന്റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഐജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പോലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ആഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച. പോലീസ് ക്ലബ്ബില്‍ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്ഥനാണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്‌സ്ആപ് ചാറ്റുകള്‍ പുറത്ത് ആയിട്ടുണ്ട്.

ഐ ജി ലക്ഷ്മണയുടെ മൂന്ന് പി എസ് ഒ മാര്‍ക്കെതിരെയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് മോന്‍സന്‍ മാവുങ്കല്ലിനെ സഹായിച്ചതിന് ഐജി ലക്ഷ്മണക്കെതിരെ ക്രൈംബ്രാഞ്ച് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലക്ഷ്മണയ്ക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സന്‍ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷ്മണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷ്മണ.

Top