മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മോൻസണാണ് ഒന്നാംപ്രതി. യൂത്ത് കോൺഗ്രസ് മുൻനേതാവ് എബിൻ എബ്രഹാം മൂന്നാം പ്രതിസ്ഥാനത്തുണ്ട്. മോൻസണ് പരാതിക്കാരിലൊരാൾ നൽകിയ 25 ലക്ഷംരൂപയിൽ 10 ലക്ഷംരൂപ സുധാകരന് നൽകിയെന്നാണ് കേസ്. ഡ്രൈവർ അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സുധാകരനെതിരേ അന്വേഷണം നടത്തിയത്. ഏഴു പേർക്കെതിരേയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്
ഓലപ്പാമ്പ് കാട്ടിയാൽ ഭയപ്പെടുന്ന ജന്മമല്ല തന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർത്താൽ നല്ലതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. വ്യാജക്കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കൂട്ടുപ്രതിയാക്കി തന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വെറും ദിവാസ്വപ്നമാണ്. ആസൂത്രിത ഗൂഢാലോചനയിൽ കെട്ടിപ്പൊക്കിയ കേസാണിത്.
ഇതേ കേസിൽ തന്നെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാൻ ശ്രമം നടന്നതാണ്. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ നീക്കം പാളിയെന്നും സുധാകരൻ പറഞ്ഞു.